കാസര്‍കോട്: ബാങ്കില്‍ നിന്ന് മാനേജറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിലായി. ബേക്കല്‍ ഹദ്ദാദ് നഗറിലെ അബ്ദുല്‍ റഹിം(45) ആണ് പിടിയിലായത്. കാസര്‍കോട് എസ്.ഐ.മാരായ ഗംഗാധരന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.[www.malabarflash.com]
കാസര്‍കോട് സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ചൗക്കി ശാഖാ മാനേജര്‍ കൂഡ്‌ലുവിലെ നിഷയുടെ മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്. 17ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മാനേജറുടെ കാബിനിലെത്തി സംസാരിച്ചു കൊണ്ടിരിക്കെയാണ് റഹിം സൂത്രത്തില്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയത്.
മൊബൈല്‍ ഫോണ്‍ കാണാതായതോടെ ബാങ്ക് ജീവനക്കാര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൊബൈല്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പിന്നീട് കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ വിവിധ മൊബൈല്‍ കടകളില്‍ പരിശോധന നടത്തിയ പോലീസ് ഒരു കടയില്‍ ഫോണ്‍ കണ്ടെത്തി.
ഇവിടെ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്
No comments:
Post a Comment