Latest News

കേരളത്തിലെ ആദ്യ സിസേറിയൻ കുട്ടി ശവരിമുത്തു വിടവാങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സിസേറിയനിലൂടെ ജന്മം കൊണ്ട ആദ്യത്തെ കുഞ്ഞ് 98-ാം വയസിൽ നിര്യാതനായി. 1920ൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പിറന്ന എം. ശവരിമുത്തുവാണ് നിര്യാതനായത്.[www.malabarflash.com]

കുണ്ടമൺകടവ് തെക്കെമൂലത്തോർപ്പ് വീട്ടിൽ മിഖായേലിന്റെയും മേരിയുടെയും മകനാണ്. ഗവ. പ്രസിലെ ചീഫ് മെക്കാനിക്കായിരുന്നു. ഭാര്യ: ജെ. റോസമ്മ, മക്കൾ: എസ്. അലക്സാണ്ടർ, എസ്. ലീല, എസ്. ഫിലോമിന.

ആധുനിക സംവിധാനങ്ങളുടെ കടന്നുവരവിനു മുൻപ് അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി നഗരത്തിലെത്തിയ വനിതാ ഡോക്ടറാണ് ആദ്യമായി വയറുകീറി കുഞ്ഞിനെ പുറത്തെടുത്തത്. 

കുണ്ടമൺകടവ് തെക്കെമൂലത്തോർപ്പ് വീട്ടിൽ ശവരിമുത്തുവിന്റെ അമ്മ മേരി മൂന്നു വട്ടം ഗർഭം ധരിച്ചെങ്കിലും 3 കുട്ടികളും പ്രസവത്തിൽ മരിച്ചു. തുടർന്ന് നാട്ടുവൈദ്യൻമാരുടെ ചികിത്സയ്‌ക്കൊടുവിലാണ് അന്ന് രാജകുടുംബത്തിന് കീഴിൽ ചെറിയ ഡിസ്‌പെൻസറിയായി പ്രവർത്തിച്ചിരുന്ന തൈക്കാട് ആശുപത്രിയിലെത്തിയത്. 

അമേരിക്കയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ ഡോ. മേരി പുന്നൻലൂക്കോസ് എന്ന ഡോക്ടർ മേരിയെ വിശദമായി പരിശോധിച്ചു. സാധാരണ നിലയിൽ ഈ കുഞ്ഞും മരിക്കുമെന്നും വയർ തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുകയാണ് ഏകപോംവഴിയെന്നും ഡോക്ടർ പറഞ്ഞു. വയറു കീറണമെന്നു കേട്ടപ്പോൾ ദമ്പതികൾ ഭയന്നെങ്കിലും ഒരു കൺമണിക്കായി കാത്തിരുന്ന മേരിയും മിഖായേലും സമ്മതമറിയിച്ചു. 

ഡോക്ടർ രാജകുടുംബാംഗങ്ങളെയും വിവരമറിയിച്ചു, 1920 മാർച്ചിൽ ശവരിമുത്തു പിറവിയെടുത്തു. മൂന്ന് ആഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം മേരി വീട്ടിലേക്കു മടങ്ങി. ഇന്ന് കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നിടത്ത് താമസിച്ചിരുന്ന ഡോക്ടർ മേരി പുന്നൻലൂക്കോസ് ഇടയ്ക്കിടെ വീട്ടിലെത്തി ആവശ്യമായ പരിചരണങ്ങൾ നൽകിയതോടെ ശവരിമുത്തു ചുറുചുറുക്കോടെ വളർന്നു. 

5 വർഷത്തിനുശേഷം സിസേറിയനിലൂടെ മേരി ഒരു പെൺകുട്ടിക്കു കൂടി ജന്മം നൽകി. 7 വർഷം മുൻപാണ് ശവരിമുത്തുവിന്റെ സഹോദരി അമ്മുക്കുട്ടി മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.