Latest News

  

സുബൈദ വധം: പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട്: മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കാൻ വൃദ്ധയെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന നാലുപേർക്കെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.[www.malabarflash.com]

ജനുവരി 19ന് പകൽ പെരിയ ചെക്കിപ്പള്ളത്തെ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന സുബൈദ(68)യെ കൊലപ്പെടുത്തിയ കേസിൽ കാസർകോട് കുഞ്ചാർ മധൂർ കൊട്ടക്കണ്ണിയിലെ എ എം അബ്ദുൾഖാദർ എന്ന ഖാദർ (26), സുള്ള്യ സ്വദേശിയും മധൂർ കൊല്ല്യയിൽ താമസക്കാരനുമായ എ എം അബ്ദുൾ അസീസ്(30), ബേള മന്യ ദേവറുകരയിലെ അബ്ദുൾ റഷാദ് എന്ന അറഷാദ്(29), മധൂർ പട്ടൽകുതിരപ്പാടിയിലെ അബ്ദുൾ അസീസ് എന്ന ബേക്കൽ അസീസ്(23) എന്നിവരാണ് പ്രതികൾ. കേസ് അന്വേഷിച്ച ബേക്കൽ സിഐ വിശ്വംഭരൻ ഹോസ്ദുർഗ് ഒന്നാംക്ലാസ് കോടതി(രണ്ട്) യിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന 28 ഗ്രാമോളം സ്വർണാഭരണങ്ങൾ കവർച്ചചെയ്ത് ഉടുത്തിരുന്ന പർദ കീറി മുഖത്ത് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൈയും കാലും തുണികൊണ്ട് വലിഞ്ഞുകെട്ടി മുറിയിൽ തള്ളിയശേഷം കതക് പുറത്തുനിന്നും പൂട്ടിയാണ് കൊലയാളികള്‍ രക്ഷപ്പെട്ടത്. കൊല നടന്ന് ദിവസങ്ങളോളം തുമ്പൊന്നും ലഭിക്കാതിരുന്ന പോലീസ് ആഴ്ചകളോളം നടത്തിയ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കുരുക്കിയത്.

മുപ്പതുവർഷം മുമ്പ് പള്ളിക്കര പാക്കത്തെ രാമന്റെ മകൾ തമ്പായി മതംമാറി സുബൈദ എന്ന പേര് സ്വീകരിച്ച് പെരിയയിൽ ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ വീടിനടുത്ത്താമസക്കാരനായ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ ജോലിചെയ്തിരുന്ന അബ്ദുൾ ഖാദർ സുബൈദയെ പരിചയപ്പെട്ടു.

ഇതിന്റെ മറപിടിച്ചാണ് വൃദ്ധയെ കൊല്ലാനും കവർച്ചയ്ക്കും പദ്ധതിയിട്ടത്. പ്രതികൾ കവർച്ച ചെയ്ത സ്വർണം കാസർകോട്ടെ ജ്വല്ലറിയിൽ 1,18,000 രൂപക്ക് വിൽപ്പന നടത്തിയത് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഗൂഢാലോചന, തെളിവുനശിപ്പിക്കൽതുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.