Latest News

പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച: പ​ഴ​യ​ങ്ങാ​ടി ഞെ​ട്ടി

പഴയങ്ങാടി: നട്ടുച്ചയ്ക്കു നഗരമധ്യത്തിലെ ജ്വല്ലറിയുടെ പൂട്ടുപൊളിച്ച് 3.4കിലോയോളം സ്വർണം കവർന്നു. ജ്വല്ലറിയുടമയും ജീവനക്കാരും 200മീറ്റർ അകലെ പള്ളിയിൽ നമസ്കാരത്തിനു പോയിരിക്കേ ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണു കവർച്ച.[www.malabarflash.com]

ഒരു കോടിയോളം രൂപയുടെ സ്വർണവും ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുമാണു നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറ തകരാറിലാക്കിയ ശേഷമാണു കവർച്ച. മറ്റൊരു കടയിലെ ക്യാമറയിൽ മൂന്നംഗ സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല.

കണ്ണൂർ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള അൽഫത്തിബി ജ്വല്ലറിയിലാണു കവർച്ച. ഉച്ചയ്ക്ക് ഒരുമണിയോടെ രണ്ടു ജീവനക്കാരും പിന്നാലെ ജ്വല്ലറിയുടമയും പള്ളിയിൽ പോയി. ഷട്ടർ താഴ്ത്തി താഴിട്ടു പൂട്ടിയിരുന്നു. രണ്ടു മണിയോടെ മൂന്നുപേരും തിരിച്ചെത്തിയപ്പോഴാണു കവർച്ച തിരിച്ചറിയുന്നത്. ആ സമയത്ത് സമീപത്തെ കടകളെല്ലാം ജുമുഅ നമസ്കാരത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 1.35നു മൂന്നംഗ സംഘം ജ്വല്ലറിക്കു മുൻപിൽ എത്തിയതായി സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ വ്യക്തമല്ല. ഒരാളെ പരിസരം നിരീക്ഷിക്കാൻ നിർത്തിയ ശേഷം രണ്ടുപേർ ചേർന്നു കവർച്ച നടത്തിയെന്നാണു നിഗമനം.

ജ്വല്ലറിക്കു മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സ്പ്രേ പെയിന്റ് അടിച്ച് തകരാറിലാക്കിയ കവർച്ചസംഘം, ജ്വല്ലറിയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കും കവർന്നു.

റോഡ് മറയ്ക്കുന്ന രീതിയിൽ ഷട്ടറിനു മുൻപിൽ തുണി വലിച്ചുകെട്ടിയ ശേഷമാണു താഴ് തകർത്ത് അകത്തുകടന്നത്. തുണിയുടെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. മാലയും വളയുമടക്കം തൂക്കം കൂടുതലുള്ള ആഭരണങ്ങൾക്കു പുറമെ, മേശവലിപ്പിലെ ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവർന്നു. കമ്മലും മോതിരവും ഉൾപ്പെടെയുള്ള ചെറിയ ആഭരണങ്ങൾ എടുത്തിട്ടില്ല. ഏഴു കിലോഗ്രാം സ്വർണാഭരണങ്ങൾ ജ്വല്ലറിയിൽ ഉണ്ടായിരുന്നുവെന്നു ജ്വല്ലറിയുടമ പറയുന്നു.

ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും തെളിവെടുത്തു. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, സിഐ കെ.ജെ.ബിനോയ്, പഴയങ്ങാടി എസ്ഐ ബിനുമോഹൻ എന്നിവരും സ്ഥലത്തെത്തി. പോലീസ് നായ മണം പിടിച്ച് മാടായിപ്പാറയ്ക്കു സമീപത്തെ മാടായി കോളജ് വരെയെത്തി. കവർച്ചസംഘം മാടായിപ്പാറ വഴി രക്ഷപ്പെട്ടെന്നാണു പ്രാഥമിക നിഗമനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.