Latest News

ജെസ്‌ന തിരോധാനം :പിതാവ് നിര്‍മ്മിക്കുന്ന കെട്ടിടം വീണ്ടും പരിശോധിക്കുന്നു

പത്തനംതിട്ട : ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പുതിയ ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജെസ്‌നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പോലീസ് വീണ്ടും പരിശോധിക്കുമെന്നാണ് സൂചന.[www.malabarflash.com]

ഇവിടെ മുന്‍പും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അപകടപ്പെടുത്തി ദൃശ്യം സിനിമയിലെ പോലെ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചേക്കാമെന്ന തരത്തിലുളള രഹസ്യ സന്ദേശങ്ങള്‍ പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് കെട്ടിടവും പരിസരവും വീണ്ടും പരിശോധിക്കാന്‍ സംഘം ആലോചിക്കുന്നത്.

കാണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും പത്തനംതിട്ട സ്വദേശി ജെസ്‌ന മരിയ ജയിംസിനെക്കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കെമാറാന്‍ ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ അടക്കം പലഭാഗത്തും പൊലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്ന് കിട്ടിയ ചില വിവരങ്ങളാണ് പെണ്‍കുട്ടിയെ അപായപ്പെടുത്തിയതാകാമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്.

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളിലൊന്നിന്റെ നിര്‍മ്മാണ ചുമതല ജസ്‌നയുടെ പിതാവിനായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ പകുതിയോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടം ഭിത്തി കെട്ടിയശേഷം പണിനിര്‍ത്തി വച്ചിരിക്കുകയാണ്. നിര്‍മ്മാണം പെട്ടെന്ന് നിര്‍ത്തിവച്ചതിന് തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതും പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ എന്തിനാണ് പരിശോധന നടക്കുന്നത് അറിയില്ലെന്നാണ് ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫിന്റെ പ്രതികരണം. മകളെ കാണാതായതില്‍ പലകോണുകളില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുന്നുണ്ട്.മകള്‍ മടങ്ങി വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ ആരോപണങ്ങളെല്ലാം അവസാനിക്കുമെന്നും പറഞ്ഞ ജയിംസ്, പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.