കണ്ണൂര്‍: കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം 15നകം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനിരിക്കെ കെ സുധാകരന്റെ പേരും സാധ്യതാ പട്ടികയില്‍. [www.malabarflash.com]
ഭരണതലത്തില്‍ ഇപ്പോള്‍ ചുമതലകളൊന്നും വഹിക്കാത്ത കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സിപിഎമ്മിന്റെയും ബിജെപിയുടെയും അക്രമത്തെ പ്രതിരോധിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ശക്തമായി ശബ്ദിക്കാനും കെ സുധാകരനെ പോലെ കരുത്തനായ നേതാവ് കെപിസിസി പ്രസിഡന്റായി വരണമെന്നാണ് മിക്ക പ്രവര്‍ത്തകരുടെയും ആഗ്രഹം.
കെപിസിസി പ്രസിഡന്റാവാനുള്ള താല്‍പര്യം കെ സുധാകരന്‍ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന് നേതൃദാരിദ്ര്യമില്ലെന്നും ഇഷ്ടംപോലെ നേതാക്കള്‍ തങ്ങള്‍ക്കുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ചുമതലപ്പെടുത്തിയാല്‍ കെപിസിസിയെ നയിക്കാന്‍ താന്‍ ഒരുക്കമാണ്. താല്‍ക്കാലിക പ്രസിഡന്റായാല്‍ പോലും സമവായത്തിലൂടെ നിശ്ചയിക്കണമെന്നും എല്ലാ കാര്യവും ഹൈക്കമാന്റ് തീരുമാനിക്കട്ടെയെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്.
അതിനിടെ, കെ സുധാകരന്‍ അധ്യക്ഷനായേക്കുമെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ഇതിനായി ഗള്‍ഫ് നാടുകളിലും പ്രചരണം ശക്തമാണ്. ഫേസ്ബുക്കില്‍ പ്രത്യേക പേജ് ഉണ്ടാക്കിയും വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചുമാണ് പ്രചരണം. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയാല്‍ മാത്രമേ സാധിക്കൂ എന്ന ആഹ്വാനവുമായായാണ് പ്രചാരണം.
കെഎസ് ബ്രിഗേഡ് എന്ന പേരില്‍ പ്രത്യേക ഫേസ്ബുക്ക് പേജ് തന്നെ ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്.
No comments:
Post a Comment