Latest News

കഫീൽ ഖാന്റെ സഹോദരന്റെ ആരോഗ്യ നില വഷളായി; ലക്നൗവിലേക്കു മാറ്റി

ന്യൂഡൽഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോ. കഫീൽ ഖാന്റെ സഹോദരന്‍ കാസിഫ് ജമീലിനെ ലക്നൗവിലേക്കു മാറ്റി. വെടിവയ്പിൽ പരുക്കേറ്റു ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.[www.malabarflash.com] 

ഞായറാഴ്ചയാണു കാസിഫിനു നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. രാത്രി പതിനൊന്നോടെ ഹുമയുൺപൂർ നോർത്തിൽ ജെപി ആശുപത്രിക്കു സമീപമായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഒരു സംഘം കാസിഫിനു നേരെ വെടിയുതിർക്കുകയായിരുന്നു. വലതുകൈയ്ക്കു മുകളിലും കഴുത്തിലും കവിളിനും പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ ഗൂഢാലോചന ആരോപിച്ച് ഡോക്ടർ കഫീൽ ഖാൻ രംഗത്തെത്തി. സംഭവത്തിൽ തിങ്കളാഴ്ച പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സ്വത്തു തർക്കമാണ് അക്രമത്തിനു കാരണമെന്നാണു പോലീസ് കണ്ടെത്തൽ. എൻജിനീയറാണു കാസിഫ്.

ബിആർഡി മെഡിക്കൽ കോളജിൽ 30 കുട്ടികൾ മരിച്ച സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീൽ ഖാനെ നേരത്തേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്.

ദുരന്തം നടക്കുമ്പോൾ ശിശുരോഗ വിഭാഗത്തിന്റെ ചുമതല കഫീൽ ഖാനായിരുന്നു എന്ന കാരണം പറഞ്ഞായിരുന്നു അറസ്റ്റ്. കുടുംബത്തെ വകവരുത്താൻ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് സഹോദരനു വെടിയേറ്റത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.