Latest News

നിപ്പയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന്; മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതിനായി മുക്കത്ത് വിതരണം ചെയ്ത ഹോമിയോ മരുന്നു കഴിച്ച് ആളുകള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായി.[www.malabarflash.com]

നിപ്പയുടെ പ്രതിരോധ മരുന്നായി മുക്കം, മണാശേരി ഹോമിയോ ഡിസ്പെന്‍സറി വിതരണം ചെയ്ത ഗുളിക കഴിച്ച് മുപ്പതോളം പേര്‍ക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതേത്തുടർന്ന് പ്രതിരോധമരുന്ന് വിതരണം ചെയ്ത ഓഫിസ് അറ്റൻഡറെ സസ്പെൻഡ് ചെയ്തു.

എന്നാല്‍, ഇത്തരമൊരു പ്രതിരോധ മരുന്നു കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. കോഴിക്കോട് ഫറോക്കില്‍ അഞ്ചുപേരും കൊയിലാണ്ടിയില്‍ ഒരാളുമാണ് പിടിയിലായത്.

നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈ മാസം പന്ത്രണ്ടിലേക്കു മാറ്റി.

രോഗലക്ഷണങ്ങളുമായി മരിച്ച തലശേരി സ്വദേശി റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു മരിച്ച തലശേരി, തില്ലങ്കേരി സ്വദേശി റോജ. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമായി.

മാഹിയിലും ഈ മാസം പന്ത്രണ്ടിനേ സ്കൂളുകള്‍ തുറക്കൂ. നിപ്പ രോഗികള്‍ ചികില്‍സ തേടിയ ആശുപത്രികളെ പ്രത്യേകം നിരീക്ഷിക്കും. ഓസ്ട്രേലിയയില്‍ നിന്നുള്ള ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്‍റിബോഡി എന്ന മരുന്ന് എത്തിച്ചു. വൈറസ് ബാധ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം ചേരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.