നീലേശ്വരം: പേരാവൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സിഗ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് (ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്ന ധനകാര്യ സ്ഥാപനം ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടി.[www.malabarflash.com]
പേരാവൂരിനും തളിപ്പറമ്പിനും പുറമെ നീലേശ്വരം, പെരിയ, പരപ്പ, പെര്‍ള, പൂത്തൂര്‍ എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ടെങ്കിലും ഇതില്‍ പരപ്പയിലെ ഓഫീസ് മാത്രമാണ് ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളിലെല്ലാം മാസങ്ങള്‍ക്ക് മുമ്പേ താഴിട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകളാണ് സിഗ്‌സില്‍ നിക്ഷേപമിട്ടിട്ടുള്ളത്.
ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതിന്റെ നടത്തിപ്പുകാരായ പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു, തളിപ്പറമ്പ് സ്വദേശി സുരേഷ്ബാബു എന്നിവര്‍ സമാനമായ കേസില്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. നിക്ഷേപ തട്ടിപ്പ് നടത്തി എന്ന തളിപ്പറമ്പ് സ്വദേശികളുടെ പരാതിയിലാണ് മാസങ്ങളോളമായി ഇവര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ ജയിലിലായതോടെയാണ് പരപ്പ ഒഴികെയുള്ള സിഗ്‌സിന്റെ മറ്റു ബ്രാഞ്ചുകള്‍ പൂട്ടിയത്. ഇതോടെ പണം നിക്ഷേപിച്ച നൂറുകണക്കിനാളുകള്‍ ശാഖകളിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 250 ഏജന്റുമാരാണ് സിഗ്‌സിന് കീഴില്‍ നിക്ഷേപം സ്വീകരിക്കാനായി ഉണ്ടായിരുന്നത്. രണ്ട് മുതല്‍ മൂന്നുലക്ഷം രൂപ വരെ ഡിപ്പോസിറ്റ് വാങ്ങിയാണ് ഏജന്റുമാരെ നിയമിച്ചത്. സ്ഥാപനം നടത്തിപ്പുകാര്‍ ജയിലിലാവുകയും ബ്രാഞ്ചുകള്‍ പൂട്ടുകയും ചെയ്തതോടെ ഏജന്റുമാരാണ് വെട്ടിലായിരിക്കുന്നത്. ഏജന്റുമാരുടെ നിക്ഷേപ തുക ഉള്‍പ്പെടെ ഏതാണ്ട് പത്തുകോടിയുടെ വെട്ടിപ്പാണ് സിഗ്‌സില്‍ നടന്നിട്ടുള്ളത്.
ഏജന്റുമാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇതിന്റെ നടത്തിപ്പുകാര്‍ ആളുകളില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. എരുമേലി മുതല്‍ കാസര്‍കോട് വരെ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും നിക്ഷേപം നഷ്ടമാവില്ലെന്നുമാണ് ഇവര്‍ ഏജന്റുമാരെ ധരിപ്പിച്ചത്. ഏജന്റുമാരെ വിശ്വസിച്ചാണ് ആയിരക്കണക്കിനാളുകള്‍ വന്‍ തുകകള്‍ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്.
എന്നാല്‍ തങ്ങള്‍ ജയിലിലായതിനാല്‍ ഇടപാടുകള്‍ നടത്താനാവില്ലെന്നും ജാമ്യത്തിലിറങ്ങിക്കഴിഞ്ഞാല്‍ ഇടപാടുകള്‍ കൊടുത്തുതീര്‍ക്കുമെന്നും നടത്തിപ്പുകാര്‍ പറഞ്ഞതായി ഏജന്റുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ എപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുമെന്ന് മാത്രം ഇവര്‍ക്ക് പറയാനാവുന്നില്ല. ഇതോടെ നിക്ഷേപം നടത്തിയ സാധാരണക്കാരുള്‍പ്പെടെയുള്ളവരാണ് വെട്ടിലായിരിക്കുന്നത്.
No comments:
Post a Comment