Latest News

ജ്വല്ലറിയിൽനിന്ന് 122 പവൻ കവർച്ച: പത്തൊൻപതുകാരൻ അറസ്റ്റിൽ

ആലപ്പുഴ: മുല്ലയ്ക്കലിൽ സ്വർണക്കടയുടെ പൂട്ടുപൊളിച്ച് ഒരു കിലോയോളം സ്വർണം കവർന്ന കേസിൽ പ്രധാന പ്രതിയെ പോലീസ് പിടികൂടി. കടയ്ക്കുള്ളിൽ കയറി സ്വർണം അപഹരിച്ച ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് പൂങ്കാവ് ബണ്ടിനു സമീപം പുതുവൽ വീട്ടിൽ സജീർ (19) ആണ് അറസ്റ്റിലായത്.[www.malabarflash.com]

മോഷണം നടക്കുമ്പോൾ കടയ്ക്കു പുറത്തു കാവൽനിന്ന രണ്ടാം പ്രതി അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവൽ വീട്ടിൽ ഇജാസ് (19) പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. മോഷണമുതൽ വിൽക്കാൻ സഹായിച്ച കാർത്തികപ്പള്ളി ചിങ്ങോലി പഞ്ചായത്ത് നാലാം വാർഡ് സുധാവിലാസത്തിൽ രാകേഷിനെയും (20) പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്നു 122.5 പവൻ (980 ഗ്രാം) സ്വർണം പിടിച്ചെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിച്ച രാകേഷിന്റെ അമ്മ സുധ (38), ആര്യാട് അയ്യങ്കാളി ജംക്‌ഷനു സമീപം താമസിക്കുന്ന ആലപ്പുഴ കൊമ്മാടി കാട്ട‍ുങ്കൽ സൗമ്യ (29) എന്നിവരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

സജീറും ഇജാസും ചേർന്നാണു മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. മോഷണം കഴിഞ്ഞ് അഞ്ചാം ദിവസം സജീർ, ഇജാസ്, രാകേഷ് എന്നിവർ കഞ്ചാവ് കേസിൽ എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡിന്റെ പിടിയിലായിരുന്നു. എന്നാൽ, മോഷണക്കേസിലെ പ്രതികളാണെന്ന സൂചനയില്ലാത്തതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടു.

സംശയം തോന്നിയ എക്സൈസ് സിഐ, അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്പിയെ വിവരം അറിയിച്ചതിനെത്തുടർന്ന് എക്സൈസ് ശേഖരിച്ച വിരലടയാളങ്ങളുമായി സ്വർണക്കടയിൽനിന്നു ലഭിച്ച വിരലടയാളങ്ങൾ ഒത്തുനോക്കിയതോടെയാണു പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന്, സൗമ്യയെയും സുധയെയും പോലീസ് അറസ്റ്റ് ചെയ്തു ചോദ്യംചെയ്തു.

പോലീസ് അന്വേഷിക്കുന്നെന്ന വിവരം അറിഞ്ഞതോടെ പ്രതികൾ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ശനിയാഴ്ച വണ്ടാനത്തിനു സമീപം കുഴിച്ചിട്ട സ്വർണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് സജീറിനെ പിടികൂടിയത്.

ഇജാസും ഒപ്പമുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടു. രാകേഷിനെ കാർത്തികപ്പള്ളിയിൽനിന്നാണു പിടികൂടിയതെന്നു ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു.

ഇജാസും നിരീക്ഷണത്തിൽത്തന്നെയുണ്ടെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. സജീറും ഇജാസും മുൻപും പല കേസുകളിലും പ്രതികളാണെന്നു പോലീസ് പറഞ്ഞു. കുറച്ചു സ്വർണം വിൽക്കുകയും ബാക്കിയുണ്ടായിരുന്നവ ആലപ്പുഴ മെഡിക്കൽ കോളജ് കോംപൗണ്ടിനു സമീപം കുഴിച്ചിടുകയുമായിരുന്നു. സ്വർണം വിൽപന നടത്തിയ കടകളും തിരിച്ചറിഞ്ഞിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.