ഉദുമ: ഭര്‍ത്താവിന്റെ മരണത്തോടെ പട്ടിണിയോട് പടവെട്ടി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിഞ്ഞു വന്ന 30കാരിയായ തമിഴ്നാടോടി യുവതി മലരിനും അഞ്ച് കുരുന്നുകള്‍ക്കും ജനമൈത്രി പോലീസും നാട്ടുകാരും ചേര്‍ന്ന് വീട് നിര്‍മ്മിച്ചു നല്‍കും. വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് ബേക്കല്‍ എസ്.ഐ കെ.പി.വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
ഗൃഹസന്ദര്‍ശനത്തിടെയാണ് ബേക്കല്‍ പോലീസിന് തമിഴ് നാടോടി യുവതിയുടെയും പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം കാണാന്‍ കഴിഞ്ഞത്.
ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബേക്കല്‍ എസ്.ഐ കെ.പി. വിനോദ് കുമാറും ബീറ്റ് ഓഫീസറായ എ.എസ്.ഐ സുരേഷ് കുമാറും ജനമൈത്രി സമിതി അംഗങ്ങളായ അച്ചുമായ എന്നു വിളിക്കുന്ന ഹസ്സന്‍കുട്ടി, വിജയലക്ഷ്മി, ഉഷ എന്നിവര്‍ തമിഴ് നാടോടി യുവതിയായ മലരിന്റെ വീട്ടിലെത്തിയത്.
അവിടെ കണ്ടത് ആരുടേയും കരളലിയിക്കുന്ന രംഗങ്ങളായിരുന്നു. 30 വയസ്സുള്ള യുവതി തന്റെ ഭര്‍ത്താവ് മരിച്ച ശേഷം അഞ്ച് മക്കളോടൊപ്പം കഴിയുന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലായിരുന്നു.
അഞ്ച് മാസം മുമ്പാണ് മലരിന്റെ ഭര്‍ത്താവ് മുരുകന്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ ബാത്ത്റൂമില്‍ വീണ് മരണപ്പെട്ടത്.
അഞ്ച് മാസം മുമ്പാണ് മലരിന്റെ ഭര്‍ത്താവ് മുരുകന്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ ബാത്ത്റൂമില്‍ വീണ് മരണപ്പെട്ടത്.
അതോടെ മലരിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു. അഞ്ച് ചെറിയ കുട്ടികളെയും കൊണ്ട് പണിക്ക് പോകാന്‍ കൂടി കഴിയാതെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന മലരിനെ നാട്ടുകാരും ജനമൈത്രി സമിതി അംഗങ്ങളും ആണ് സഹായിച്ചത് എന്ന് മലര്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ബേക്കല്‍ പാലക്കുന്ന് അങ്കക്കളരി എന്ന സ്ഥലത്തുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഈ വാടക വീടിന് 1,500 രൂപ പ്രതിമാസ വാടക നിശ്ചയിച്ചാണ് താമസിച്ചിരുന്നത്. ഭര്‍ത്താവായ മുരുകന്‍ മരിക്കുന്നതു വരെ വാടക കൃത്യമായി നല്‍കിയിരുന്നു.എന്നാല്‍ ഭര്‍ത്താവ് മരണപ്പെട്ടതോടെ വാടക നല്‍കാത്തതിനാല്‍ വാടകക്കാരന്‍ ഇവരോട് ഇവിടെ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബേക്കല്‍ പോലീസും ജനമൈത്രി അംഗങ്ങളും ഇവരുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ പോലീസിനോട് തന്റെ ജീവിതകഥ മലര്‍ തുറന്നു പറയുകയായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ കയറിയ പോലീസും ജനമൈത്രി സമിതി അംഗങ്ങളും കണ്ടത് പൊട്ടിപൊളിഞ്ഞ വാതിലും അടര്‍ന്നു വീഴാറായ മണ്‍ചുമരും ഏതു നിമിഷവും വീഴുന്ന പൊട്ടിയ ഓടുകളുമായിരുന്നു.
രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ വാതിലില്‍ തട്ടി വിളിക്കുന്നത് വളരെ ഭീതിയോടെയാണ് മലര്‍ വിവരിച്ചത്. രാത്രിയില്‍ മഴ പെയ്യുമ്പോള്‍ ചോരാത്ത ഒരു സ്ഥലം പോലുമില്ലാത്ത ഈ വീട്ടില്‍ നിന്നു കൊണ്ടാണ് നേരം വെളുപ്പിക്കാറെന്ന് മലര്‍ പോലീസിനോട് വിതുമ്പലോടെ പറഞ്ഞിരുന്നു. വളരെ അഭിമാനിയായിരുന്നു മലരിന്റെ ഭര്‍ത്താവായ മുരുകന്‍.
വളരെ കഷ്ടപ്പെട്ട് പണിയെടുത്ത് മിച്ചം വെച്ച തുക കൊണ്ടും ഉള്ള താലിമാലയും വിറ്റും ബാങ്കില്‍ നിന്നും കടമെടുത്തും നാട്ടുകാരില്‍ നിന്ന് കടം വാങ്ങിയും 3,60,000 രൂപ കൊടുത്ത് വീട് വയ്ക്കുന്നതിനായി മുരുകന്‍ 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ മുരുകന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞതോടെയാണ് ഭാര്യയും അഞ്ച് മക്കളും അനാഥരായത്. ബാങ്ക് ലോണും നാട്ടുകാര്‍ക്ക് നല്‍കാനുള്ള കടവും കാരണം എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മലര്‍.
വിജയലക്ഷ്മി ചേച്ചിയുടെയും ഉഷ ചേച്ചിയുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആത്മഹത്യ ചെയ്തേനെ എന്ന് മലര്‍ പറഞ്ഞപ്പോള്‍ ജനമൈത്രി സമിതി അംഗങ്ങള്‍ക്ക് പോലും കരച്ചിലടക്കാനായിരുന്നില്ല. ഏതു നിമിഷവും വീഴാറായ ഈ വീട്ടില്‍ നിന്നും വേറൊരു വീട്ടിലേക്ക് ഇവരെ മാറ്റുകയാണ് പോലീസും ജനമൈത്രി സമിതി അംഗങ്ങളും ആദ്യം ചെയ്തത്.
അടുത്തുള്ള നൂര്‍ മുഹമ്മദ് എന്നയാളുടെ വീട്ടിലേക്ക് ഇവരുടെ താമസം മാറ്റി. സ്വന്തമായി ഒരു വീടെന്ന ഇവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്ത് 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വീട് പൂര്‍ത്തിയാക്കുന്നതിന് അത്ര തന്നെ പണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ജനമൈത്രി പോലീസിന്റെ ഭാഗമായി ജനകീയ കമ്മറ്റി രൂപീകരിച്ച് മുരുകന്റെ സ്വപ്നമായ വീട് നിര്‍മ്മിച്ച് മലരിന് നല്‍കും എന്ന ഉറപ്പു നല്‍കിയാണ് ബേക്കല്‍ പോലീസും ജനമൈത്രി സമിതി അംഗങ്ങളും മലരിനോട് യാത്ര പറഞ്ഞിറങ്ങിയത്. മലരിന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭര്‍ത്താവ് മുരുകന്‍ വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് ഇപ്പോള്‍ വീട് നിര്‍മ്മാണത്തിനായി കുറ്റിയടിച്ചിരിക്കുന്നത്.
No comments:
Post a Comment