Latest News

നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: പരിയാരം നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കോഴിക്കോട് ചേളന്നൂരിലെ രജനി നിവാസിൽ പി. ശ്രീലയ (19) തൂങ്ങിമരിച്ച സംഭവത്തിൽ തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസിൽ കിരൺ ബെന്നി കോശി (19) പിടിയിലായി.[www.malabarflash.com] 

ആത്മഹത്യ പ്രേരണാകുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പരിയാരം പ്രിൻസിപ്പൽ എസ്‌.ഐ വി.ആർ. വിനീഷ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കോഴിക്കോട് ഗവ. നഴ്‌സിംഗ് സ്‌കൂളിലെ ഡ്രൈവർ പി. ജയരാജന്റെയും ലീനയുടെയും മകളാണ് ശ്രീലയ. ജൂൺ രണ്ടിനാണ് ഹോസ്റ്റലിലെ ഫാനിൽ ചുരിദാർ ഷാളിൽ കെട്ടിത്തൂങ്ങിയത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസിൽ പോയിരുന്നില്ല. ഒപ്പമുള്ള കുട്ടികളിലൊരാൾ ഉച്ചയ്ക്ക് വന്നപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.

പഠിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും എഴുതിയ കുറിപ്പ് റൂമിൽ നിന്നു കണ്ടെടുത്തിരുന്നു.
എന്നാൽ, ഈ കത്ത് തന്റെ മകളുടേതല്ലെന്നും മരണത്തിന് പിറകിലെ ദുരൂഹത അന്വേഷിക്കണമെന്നും കാണിച്ച് അച്ഛൻ കളക്ടർക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു.

ഹോസ്റ്റലിലെ മൂന്നു കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോൾ ശ്രീലയ രാത്രി ദീർഘനേരം ഒരാളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നു വ്യക്തമായി. കൂട്ടുകാരിലൊരാളാണ് യുവാവുമായുള്ള ശ്രീലയയുടെ ഫോൺ ബന്ധത്തിന് കാരണക്കാരിയെന്നും കണ്ടെത്തി.

മൂന്നു മാസത്തോളം പതിവായി ഫോണിൽ സംസാരിച്ചിരുന്നെങ്കിലും ഇരുവരും പരസ്പരം കണ്ടിട്ടില്ല. പല തവണ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ശ്രീലയയുടെ ഡയറിക്കുറിപ്പിൽ നിന്നു വ്യക്തമായതോടെയാണ് പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് എത്തിച്ചുവെന്നതിന് പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.