കാഞ്ഞങ്ങാട്: ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പകര്‍ന്ന് ആധിവ്യാധികളും മഹാമാരികളും അകറ്റാന്‍ വീട്ടുമുറ്റങ്ങളിലേക്ക് കര്‍ക്കിടക തെയ്യങ്ങള്‍ സഞ്ചാരം തുടങ്ങി.[www.malarflash.com]
കര്‍ക്കടകം ഒന്ന് മുതല്‍ ശിവന്‍, പാര്‍വ്വതി, അര്‍ജുനന്‍ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചാണ് മൂന്ന് തെയ്യങ്ങള്‍ വീട്ടിലെത്തുന്നത്. മലയ, കോപ്പാളന്‍, വണ്ണാന്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യങ്ങള്‍ കെട്ടുന്നത്.
തിമര്‍ത്തു പെയ്യുന്ന കര്‍ക്കിട മഴയ്‌ക്കൊപ്പം ചെണ്ടയൊച്ചയും മണിക്കിലുക്കവുമായി കുട്ടിത്തെയ്യങ്ങള്‍ ദൂരെ നിന്നും വരുന്നത് കാണുമ്പോഴേ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ തെയ്യത്തെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങും.
പാത്രങ്ങളില്‍ കലക്കി വെച്ച ചുവപ്പും കറുപ്പും നിറത്തിലുള്ള ഗുരുസി വീട്ടിലുള്ളവരെ ഉഴിഞ്ഞ ശേഷം 'ഗുരുസി ' മാരിയകറ്റാന്‍ വീടിന്റെ തെക്കുഭാഗത്ത് ചുവപ്പു ഗുരുസിയും വടക്കുഭാഗത്ത് ചേഷ്ടയെ അകറ്റാന്‍ കറുപ്പ് ഗുരുസിയും കമിഴ്ത്തുന്നു. തുടര്‍ന്ന് തെയ്യം എല്ലാവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയായി അരിയും നെല്ലും പണവും വാങ്ങി മടങ്ങും.
കോപ്പാള സമുദായത്തിന്റെ ഗളിഞ്ചനാണ് ആദ്യമെത്തുന്നത്. കര്‍ക്കിടകം 16 മുതലാണ് മലയ സമുദായത്തിന്റെ ആടിവേടനും വണ്ണാന്‍ സമുദായത്തിന്റെ വേടത്തിയും എത്തുന്നത്. എന്നാല്‍ ദേശപരിതി കൂടുതലായതിനാല്‍ എല്ലായിടത്തുമെത്താനായി കര്‍ക്കിടകം ഒന്ന്മുതല്‍ എല്ലാ തെയ്യങ്ങളുമെത്താറുണ്ട്. കാരണവര്‍ക്കും ചെണ്ടരനുമൊപ്പമാണ് ആടിവേടനെത്തുക.
ശിവ സാന്നിദ്ധ്യത്തിനായി തപസ്സു ചെയ്യുന്ന അര്‍ജ്ജുനന്റെ തപശ്ശക്തിയെ പരീക്ഷിക്കാന്‍ വേടന്റെ രൂപത്തില്‍ അര്‍ജ്ജുനന്റെ മുന്നിലെത്തുന്ന പരമശിവന്റെ കഥയാണ് ആടി വേടന്‍ കെട്ടിയാടി തോറ്റംപാട്ടില്‍ വര്‍ണ്ണിക്കുന്നത്.
No comments:
Post a Comment