മാനന്തവാടി: കാസർകോട്ടെ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ഇവർ സഞ്ചരിച്ച മൂന്നു കാറും പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
തൊട്ടിൽപാലം കുണ്ടുതോട് സ്വദേശി കിണറുള്ളപറമ്പത്ത് ടി.എം. അജ്മൽ(33), കുറ്റ്യാടി വളയം നെല്ലിക്കണ്ടിപീടിക സ്വദേശി ഇടത്തിപൊയിൽ കെ.കെ. ഫാസിൽ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ടുചാലിൽ അമ്പലക്കണ്ടി വീട്ടിൽ സുഹൈൽ (29) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
കേസിലുൾപ്പെട്ട ആൾട്ടോ, ഇന്നോവ, എക്സ്.യു.വി കാർ എന്നിവ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയുടെ സഹായത്തോടെയാണ് മാനന്തവാടിയിൽനിന്ന് യുവ വ്യാപാരിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയത്. പൊന്നമ്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിൽ പാർപ്പിച്ച് വ്യാപാരിയെ മർദിച്ച് കൈയിലുള്ള പണം അപഹരിച്ചു. തുടർന്ന്, മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇതുപ്രകാരം വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികൾക്ക് കണ്ണൂരിൽനിന്ന് കൈമാറി വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു. മോചിതനായ യുവ വ്യാപാരി മാനന്തവാടിയിൽ എത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
പിടികൂടിയ പ്രതികളിൽ അജ്മൽ വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലും ഫാസിൽ കുറ്റ്യാടി സ്റ്റേഷനിൽ ബലാത്സംഗക്കേസിലും മാനന്തവാടി സ്റ്റേഷനിൽ കഞ്ചാവു കേസിലും ഉൾപ്പെട്ടവരാണ്.
സീനിയർ സിവിൽ പോലീസ് ഓഫിസർ മനോജ്, സിവിൽ പോലീസ് ഓഫിസർമാരായ സുഷാജ്, ടി.കെ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, സംഘത്തിൽ ഉൾപ്പെട്ട യുവതിയെ പിടികൂടാനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
No comments:
Post a Comment