കാഞ്ഞങ്ങാട്: കുഞ്ഞുമനസ്സുകളിൽ ആത്മവിശ്വാസത്തിന്റെ കൈത്തിരി തെളിച്ച് വിജയപഥത്തിൽ മുന്നേറാൻ മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ വിജയ മന്ത്രം തുടങ്ങി.സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിഷ്ണുപ്രദീപ്. ടി.കെ.ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പൊതു വിദ്യാലയത്തിൽ നിന്ന് ദേശീയ തല പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിഷ്ണു പ്രദീപിന്റെ അനുഭവസാക്ഷ്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രചോദനമായി.
കുട്ടികളുടെ സ്വപ്നങ്ങൾ കൈയെത്തിപ്പിടിക്കാൻ അവരിൽ ആത്മവിശ്വാസം നിറയ്ക്കാൻ ഉള്ള പുതിയ പരീക്ഷണമാണ് വിജയ മന്ത്രം. പരീക്ഷകളിലും മത്സരങ്ങളിലും കൂടിക്കാഴ്ചകളിലും ധൈര്യത്തോടെ നേരിടാനും പഠനരംഗത്ത് മുന്നേറാനുമുള്ള വഴിവിളക്കായി ആവിഷ്കരിച്ച പദ്ധതി ജില്ലയിൽ ആദ്യ സംരംഭമാണ്.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ തെരെഞ്ഞെടുത്ത എഴുപത്തിയഞ്ച് കുട്ടികളാണ് വർഷങ്ങൾ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. അവധി ദിവസങ്ങളിൽ നടക്കുന്ന പരിശീലനത്തിന് വിദഗ്ദ്ധർ നേതൃത്വം നൽകും. ക്ലാസുകൾ,സംവാദങ്ങൾ, യാത്രകൾ, ശില്പശാലകൾ, സഹവാസം തുടങ്ങിയ വിവിധ മേഖലകളിലൂടെ കുട്ടികളെ സിവിൽ സർവീസ് പരീക്ഷയടക്കമുള്ള മത്സരങ്ങളെ അഭിമുഖീകരിക്കാൻ കരുത്തുള്ളവരാക്കി മാറ്റാൻ കഴിയുമെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു.
പി.ടി.എ.പ്രസിഡൻറ് സുഗതൻ.കെ.വി.അധ്യക്ഷത വഹിച്ചു.വിഷ്ണു പ്രദീപിനെ ചടങ്ങിൽ അനുമോദിച്ചു.പ്രധാനാധ്യാപകൻ കൊടക്കാട്നാരായണൻ ,ഗോപി അടമ്പിൽ, പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടരി രതീഷ് കാലിക്കടവ്, അനിത.എം., സണ്ണി.കെ.മാടായി പ്രസംഗിച്ചു.
No comments:
Post a Comment