Latest News

അസമയത്തെ അവധി പ്രഖ്യാപനം; അധ്യാപകന്റെ കുറിപ്പ് വൈറലായി, സ്റ്റാഫ് മുറിയിലിരുന്ന് പ്രതിഷേധവും

ബേക്കല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അപ്രതീക്ഷിതമായി നല്‍കിയ അവധി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ വെട്ടിലാക്കിയപ്പോള്‍ അപ്രതീക്ഷിതമായ അവധിയില്‍ കുടുങ്ങിയ ഒരു അധ്യാപകന്റെ വാട്‌സ് ആപ്പ് കുറിപ്പ് വൈറലായി.[www.malabarflash.com]
അംഗപരിമിതനും കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഇരിട്ടി സ്വദേശിയും പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ എന്‍ എന്‍ അബൂബക്കറിന്റെ വാട്‌സ് ആപ്പ് കുറിപ്പാണ് നിമിഷങ്ങള്‍ക്കകം പതിനായിരങ്ങള്‍ കാണുകയും ലൈക്കടിക്കുകയും ചെയ്തത്. 

ദിനംപ്രതി 200ലധികം കിലോമീറ്റര്‍ ബസ്സിലും ട്രെയിനിലുമായി യാത്ര ചെയ്താണ് അംഗപരിമിതനായ അബൂബക്കര്‍ മാസ്റ്റര്‍ ഇരിട്ടിയില്‍ നിന്നും പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കെത്തുന്നത്.
പുലര്‍ച്ചെ എഴുന്നേറ്റ് ഉറക്കമുണര്‍ന്ന് ദുരിതപൂര്‍ണ്ണമായ യാത്രയാണ് ഇദ്ദേഹം നടത്തുന്നത്. വെളളിയാഴ്ച സ്‌കൂളിലേക്കുള്ള യാത്ര പാതി വഴി പിന്നിട്ടപ്പോഴാണ് ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയിലെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞത്.
വൈകിക്കൊണ്ടുള്ള അറിയിപ്പ് ഉണ്ടാക്കിയ ദുരിതം സമൂഹത്തെ അറിയിക്കാനാണ് തികച്ചും വികാരനിര്‍ഭരമായ കുറിപ്പ് അബൂബക്കര്‍ മാസ്റ്റര്‍ പോസ്റ്റു ചെയ്തത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
സാര്‍,
വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം താങ്കള്‍ കൈക്കൊണ്ടത് ഉചിതം തന്നെ. എങ്കിലും അതിനിത്ര കാലവിളംബം വരുത്തിയതെന്തിനെന്ന് മനസ്സിലാവുന്നില്ല. താരതമ്യേന മഴ കൂടുതലായിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ അവധി നല്‍കാതെ മഴ കുറഞ്ഞ ഇന്ന്, അതും അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് പുറപ്പെട്ട ഈ വൈകിയ വേളയില്‍ അവധി പ്രഖ്യാപിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.
സാര്‍,
ഞാനേതായാലും സ്‌കൂളിലേക്ക് പുറപ്പെട്ടു. പാതിയിലധികം വഴി പിന്നിട്ടു. മംഗലാപുരത്തേക്കള്ള മലബാര്‍ എക്‌സ്പ്രസ്സിലിരുന്നാണ് ഇതെഴുതുന്നത്. ഇനി തിരിച്ചു പോകുന്നതിലര്‍ത്ഥമില്ല. ഇന്ന് ഞാന്‍ സ്റ്റാഫ് റൂമില്‍ എന്റെ സീറ്റിലുണ്ടാകും. ഉച്ചവരെയെങ്കിലും. താങ്കളുടെ വൈകിയ വിവരവിനിമയത്തില്‍ പ്രതിഷേധ സൂചകമായി.
വിനയപൂര്‍വ്വം.
എന്‍ എന്‍ അബൂബക്കര്‍
ഗവ. ഹയര്‍ സെക്കണ്ടറി
സ്‌കൂള്‍,
പള്ളിക്കര, കാസര്‍കോട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.