Latest News

കള്ളനോട്ട് : സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ

കൊല്ലം: അണക്കരയിൽ കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പിടികൂടിയ സംഭവത്തിൽ അതിന് പിന്നിൽ പ്രവർത്തിച്ച മലയാളം സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായി. ടിവി പരമ്പരകളിലെ താരമായ സൂര്യ ശശികുമാർ, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇടുക്കി വട്ടവടയിൽ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊല്ലത്ത് ഇവരുടെ വസതിയിൽ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും മെഷീനും കണ്ടെത്തി. കൊല്ലം മനയിൽ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പുലർച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്ത് മണിക്കാണ് അവസാനിച്ചത്.

രമാദേവിയുടെ വീടിന്റെ മുകളിലെ നിലയിലാണ് കള്ള നോട്ടടി കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നോട്ടുകൾ തയ്യാറാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ എന്നിവ എന്നിവ ഇവിടെ സജ്ജീകരിച്ചിരുന്നു. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പോലീസ് അറിയിച്ചു.

ഇവർക്ക് പുറമെ പുറ്റടി അച്ചക്കാനം കടിയൻകുന്നേൽ രവീന്ദ്രൻ, വിരമിച്ച സൈനികൻ കൃഷ്ണകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. രവീന്ദ്രൻ മുൻപും നിരവധി കള്ളനോട്ട് കേസുകളിൽ പ്രതിയാണ്. 

2016 ഓഗസ്റ്റിൽ കള്ളനോട്ടുമായി പിടികൂടിയ രവീന്ദ്രനെ പിന്തുടർന്ന് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളനോട്ട് മാഫിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്ത് വർഷം മുൻപ് കള്ളനോട്ട് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ രവീന്ദ്രനെ പിന്തുടർന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് അന്ന് പോലീസിന് കൂടുതൽ തെളിവ് ലഭിച്ചത്.

ബംഗളൂരുവിലെത്തിയ കട്ടപ്പന എസ്‌ഐ. മഹേഷും സംഘവും നോട്ടടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ഒൻപത് കോടി രൂപയുടെ നോട്ട് അച്ചടിക്കാൻ പദ്ധതിയിട്ട് നോട്ട് അച്ചടിക്കുന്നതിനിടെയാണ് അന്ന് പോലീസ് ഇവരെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.

തുടർന്ന് യു.എ.പി.എ.ചുമത്തി കേസ് ചാർജ് ചെയ്തതോടെ അകത്തായ രവീന്ദ്രൻ നവംബറിലാണ് ജയിലിൽനിന്നിറങ്ങിയത്. മറ്റൊരു പ്രതിയായ കൃഷ്ണകുമാർ 2017 ജൂൺ ആറിന് ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 37.9 ലക്ഷം രൂപയുമായി പിടിയിലായിരുന്നു. 

14 വർഷം ബി.എസ്.എഫ്. ജവാനായി സേവനമനുഷ്ഠിച്ചശേഷം 2012-ലാണ് കൃഷ്ണകുമാർ സൈന്യത്തിൽനിന്ന് വിരമിച്ചത്. സീരിയൽ നടിയുമായി ബന്ധമുള്ള കൂടുതൽ പേർക്ക് ഈ ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിൽ ഇവരുടെയും അറസ്റ്റ് ഉണ്ടാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.