Latest News

ആംബുലന്‍സുമായി എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകരെത്തിയെങ്കിലും ദുരൈ സ്വാമിയെ വിധി ജീവനോടെ വിട്ടില്ല

കാഞ്ഞങ്ങാട്: ഒരാഴ്ചയായി അമ്പലത്തറ മൂന്നാം മൈല്‍ സ്നേഹാലയത്തില്‍ കഴിഞ്ഞിരുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി ദുരൈ സ്വാമിയെ നാട്ടിലേക്ക് കൊണ്ട് പോകാനായി എസ്കെഎസ്എസ്എഫ് കാഞ്ഞങ്ങാട് ബാവാ നഗര്‍ പ്രവര്‍ത്തകര്‍ ആംബുലന്‍സുമായി വരുമ്പോഴേക്കും വിധി ദുരൈ സ്വാമിയുടെ ജീവന്‍തട്ടിയെടുത്തിരുന്നു.[www.malabarflash.com]

കോഴിക്കോട് മുക്കം പോലിസ് സ്റ്റേഷൻ പരിധിയിലുള്ള തെരുവിൽ നിന്നുമാണ് അവശനായ ദുരൈ സ്വാമിയെ കോഴിക്കോട് മുൻസിപ്പൽ കൗൺസിലർ രാജേഷിന് കിട്ടുന്നത്.തുടർന്ന് ഇയാളെ പുല്ലുരാംപാറയിലെ ജോർദ്ദാൻ ഭവനിൽ എത്തിക്കുകയും, സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന സ്ഥാപനമായതിനാൽ അവിടെ നിന്നും ആംബുലൻസിന്റെ സഹായത്തോടെ സ്നേഹാലയത്തിൽ എത്തിക്കുകയായിരുന്നു. 

സ്നേഹാലയം മാനേജര്‍ ബ്രദര്‍ ഈശോദാസ് ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നും ഭാര്യ രങ്കമ്മയും മകൻ ഗുരപ്പയും എത്തി. തീരെ അവശനായിരുന്ന ദുരൈ സ്വാമിയെ തിരികെ വീട്ടിൽ കൊണ്ടു പോകണമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. വാര്‍ത്ത കണ്ട കാഞ്ഞങ്ങാട് ബാവാ നഗര്‍ എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ആംബുലന്‍സുമായി വരുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് കിട്ടി ഉച്ചയോടെ ബോഡി നാട്ടിലേക്ക് കൊണ്ടുപോയി. 

കേരളത്തിലെ വിവിധ ദേശങ്ങളില്‍ ഭിക്ഷ തേടിയവരാണ് ഞങ്ങളെന്നും ഇവിടെ ഒരുപാട് നല്ല മനുഷ്യരുണ്ടെന്നും സ്‌നേഹാലയത്തിന്റെ ചുമതലവഹിക്കുന്ന ബ്രദര്‍ ഈശോദാസിന്റെ നേതൃത്വത്തില്‍ മികച്ച പരിചരണമാണ് ദുരൈ സ്വാമിക്ക് ലഭിച്ചതെന്നും നാട്ടിലാണെങ്കില്‍ ആരും തിരിഞ്ഞു നോക്കില്ലെന്നും എല്ലാവരോടും നന്ദിയും പ്രാര്‍ത്ഥനയുമുണ്ടെന്നും രങ്കമ്മ പറഞ്ഞു. 

എസ്കെഎസ്എസ്എഫ് ബാവാ നഗര്‍ ശാഖ രണ്ടാഴ്ച മുമ്പ് ഇരിക്കൂര്‍ സ്വദേശി അഹമ്മദ് ഹര്‍ഷാദിനെ വീട്ടിലെത്തിക്കാന്‍ സഹായിച്ചിരുന്നു. ബാവാ നഗര്‍ മഹല്ല് ട്രഷറര്‍ സികെ അഷ്റഫ് , എസ്കെഎസ്എസ്എഫ് ബാവാ നഗര്‍ ശാഖ പ്രസിഡന്റ് ശരീഫ് മാസ്റ്റര്‍, പ്രവര്‍ത്തകരായ റാഷിദ് തിഡില്‍ ,ഹുസൈനാര്‍ , ഷഫീഖ് തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.