Latest News

വള്ളം മുങ്ങി കാണാതായ ചാനൽ സംഘത്തിലെ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കടുത്തുരുത്തി: മാതൃഭൂമി ന്യൂസ് ചാനൽ സംഘം യാത്രചെയ്ത വള്ളം മുണ്ടാറിനു സമീപം കോട്ടയം – വൈക്കം കനാലിൽ മറിഞ്ഞു കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങൾ രണ്ടാംദിവസത്തെ തിരച്ചിലിൽ കണ്ടെത്തി.[www.malabarflash.com] 

മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകൻ കെ.കെ.സജി(മെഗാസ് സജി–47)യുടെ മൃതദേഹം രാവിലെ പത്തു മണിയോടെയും തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ (ഉഴത്തിൽ) ബാബുവിന്റെ മകൻ ബിപിൻ ബാബുവിന്റെ (27) മൃതദേഹം രാത്രി ഏഴു മണിയോടെയുമാണു കണ്ടെത്തിയത്.

ബിപിന്റെ മൃതദേഹം കണ്ടെന്ന് ഉച്ചയോടെ നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സും സംഘവും പോലീസും ആ സ്ഥലത്തു പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളം മുങ്ങിയ പ്രദേശം പ്രത്യേകം കയർ കെട്ടിത്തിരിച്ചു വെള്ളം ഇളക്കിയതോടെ ഒരു ചെരിപ്പു പൊങ്ങിവന്നു. ഈ ഭാഗത്തു വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹവും പൊങ്ങിവരികയായിരുന്നു. 

തിങ്കളാഴ്ച ഉച്ചയ്ക്കാണു ചാനൽ സംഘത്തിലെ നാലുപേരും വള്ളം തുഴഞ്ഞയാളും അപകടത്തിൽ പെട്ടത്.

മാതൃഭൂമി ന്യൂസ് കോട്ടയം സീനിയർ റിപ്പോർട്ടർ കെ.ബി.ശ്രീധരൻ (28), തിരുവല്ല ബ്യൂറോയിലെ ക്യാമറാമാൻ ചിറക്കടവ്, അടിച്ചുമാക്കൽ അഭിലാഷ് എസ്.നായർ (26), വള്ളം തുഴഞ്ഞ മുണ്ടാർ അഭിലാഷ് ഭവൻ കെ.പി.അഭിലാഷ് (40) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ശ്രീധരനും ക്യാമറമാൻ അഭിലാഷും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലാണ്. സജിയുടെ മൃതദേഹം കടുത്തുരുത്തിയിലും ആപ്പാഞ്ചിറയിലും പൊതുദർശനത്തിനുവച്ച ശേഷം സംസ്കാരം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

ടിവിപുരം സുരേന്ദ്രഭവനം സുനിതയാണു സജിയുടെ ഭാര്യ. മക്കൾ: അമിഗ, അനയ. ബിപിൻ ബാബു അവിവാഹിതനാണ്. കുഞ്ഞുമോളാണു മാതാവ്. സഹോദരങ്ങൾ: ബിൻസി, ജിൻസി, ജിബിൻ. 

വാർത്താശേഖരണത്തിനു പോയ രണ്ടുപേർ കൃത്യനിർവഹണത്തിനിടെ മരിച്ചതു മനസ്സിനെ ഏറെ വേദനിപ്പിച്ചെന്നും ഇവരുടെ കുടുംബത്തിന് അർഹമായ എല്ലാം സഹായവും സർക്കാർ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.