Latest News

കെഎസ്ടിപി റോഡ് നിര്‍മ്മാണം; ചെറിയ ടൗണുകളില്‍ പോലും എല്ലാ സൗകര്യങ്ങളുമൊരുക്കി, ഉദുമയില്‍ മാത്രം പേരിന് രണ്ട്‌വരിപാത, അവസാനം ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയതോടെ ബസ് ഷെല്‍ട്ടറുകളുടെ പേരില്‍ രാഷ്ട്രീയ വിവാദം

ഉദുമ: ഉദുമയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നിക്കാത്തത് വിവാദമാവുന്നു. ടൗണില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം സ: ഭാസ്‌കര കുമ്പളയുടെ പേരില്‍ നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.[www.malabarflash.com] 

റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ സി.പി.എം ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.
നിരവധി അപകട മരണങ്ങള്‍ക്ക് സാക്ഷിയായ ഉദുമ ടൗണില്‍ ഡിവൈഡറോട് കൂടിയ ആറുവരിപ്പാത നിര്‍മിക്കാന്‍ തയാറാണെന്നും ഇതിന് തടസം നില്‍ക്കുന്ന സി.പി.എം ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി തന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പണി ആരംഭിക്കാന്‍ തയാറാണെന്നും കെ.എസ് ടി.പി ഉദ്യോഗസ്ഥര്‍ ഉദുമ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വ കക്ഷിയോഗത്തെ അറിയിച്ചിരുന്നു. 

എന്നാല്‍ ഉദുമ ഉദയമംഗലത്തുളള കോണ്‍ഗ്രസ്സ് നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറും കൂടി പൊളിച്ചുമാററണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. കെ.എസ്.ടി.പി റോഡ് നിര്‍മ്മിച്ചതോടെ ഈ ബസ്സ് ഷെല്‍ട്ടര്‍ ഉപയോഗമില്ലാതായിരിക്കുകയാണ്. ഇത് പൊളിച്ചുമാററാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ പററില്ലെന്ന കെ.എസ്.ടി.പി അധികൃതരുടെ തീരുമാനത്തെ ഏററു പിടിച്ചാണ് സിപിഎം രംഗത്തുളളത്. ഇതോടെ ഉദുമയില്‍ ബസ് ഷെല്‍ട്ടറുകളുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ സംഭവം രമ്യമായി പരിഹരിക്കാന്‍ ചേര്‍ന്ന യോഗവും തീരുമാനമാവാതെ പിരിയുകയായിരുന്നു.
അതേ സമയം കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തുന്നത് വരെ മൗനം പാലിച്ച രാഷ്ട്രീയക്കാരും ജനപ്രതിധികളും വ്യാപാരി സംഘടനകളുമാണ് ഇപ്പോള്‍ ഉദുമയുടെ വികസനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

മററു സ്ഥലങ്ങളിലെല്ലാം കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പ്രദേശത്തെ ജനങ്ങള്‍ ഒററക്കെട്ടായി രംഗത്തിറങ്ങി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഉദുമയില്‍ ജനകീയ ഇടപെടലുകള്‍ ഇല്ലാത്ത് കാരണം കെ.എസ്.ടി.പി അധികൃതര്‍ തോന്നിയ പോലെയാണ് പ്രവര്‍ത്തികള്‍ നടത്തിയത്.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും എത്തിപ്പെടുന്ന ഉദുമ ടൗണില്‍ വീതി കുറഞ്ഞ റോഡാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ചെറിയ ടൗണുകളിലും ജംഗ്ഷനുകളിലും സിഗ്‌നല്‍ ലൈററുകളും ഡിവൈഡറുകളും മററു സൗകര്യങ്ങളും ഒരുക്കിയ കെ.എസ്.ടി.പി ഉദുമയില്‍ ഇതൊന്നും നിര്‍മ്മിച്ചതുമില്ല. 

അവസാനം ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഉദുമ ടൗണില്‍ ഡിവൈഡറുകള്‍ നിര്‍മ്മിക്കാന്‍ കെ.എസ്.ടി.പി തയ്യാറായത്. അതാവട്ടെ കൂടുതല്‍ അപകടങ്ങള്‍ വരുത്തുന്ന രീതിയിലും.
ഉദുമ ടൗണില്‍ അനധികൃതമായുളള മത്സ്യവില്‍പ്പനയും തട്ടുകടകളും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉദുമ മാര്‍ക്കററില്‍ സൗകര്യപ്രധമായ മത്സ്യവില്‍പ്പനയ്ക്കുളള കെട്ടിടം ഉണ്ടെങ്കിലും റെയില്‍വേ ഗൈററിന് സമീപം പൊതുസ്ഥലം കൈയ്യേറി ഷെഡ്‌കെട്ടിയാണ് മത്സ്യവില്‍പ്പന നടക്കുന്നത്. ഇവിടെ നിന്നുളള മലിനജലം റോഡിലേക്കാണ് ഒഴുകുന്നതു. 

റെയില്‍പാത ഇരട്ടിച്ചതോടെ ഇവിടെയുളള ഗൈററ് അധിക സമയവും അടഞ്ഞു കിടക്കാറാണ് പതിവ്. ഗൈററ് തുറക്കാന്‍ കാത്തുനില്‍ക്കുന്ന പൊതു ജനങ്ങളും വിദ്യാര്‍ത്ഥികളും മൂക്കുപൊത്തിയാണ് നില്‍ക്കുന്നത്.
കൂടാതെ ടൗണിലെ മിക്കസ്ഥലങ്ങളും തട്ടുകടക്കാര്‍ കൈയ്യേറിയിരിക്കുകയാണ്. അനധികൃതമായി നിര്‍മ്മിച്ച ഇത്തരം തട്ടുകടകള്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറുകയും ചെയ്യുന്നു.
നല്ലരീതിയില്‍ കച്ചവടം നടത്തുന്ന വ്യാപാരികളെ ചൂഷണം ചെയ്യുന്ന അധികൃതര്‍ അനധികൃതമായുളള തട്ടുകടള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

വികസന പ്രവര്‍ത്തനങ്ങളൊന്നും ആവശ്യമില്ലാത്ത ഉദുമയിലെ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളുടെയും കണ്ണില്‍ പൊടിയിട്ട് പേരിന് രണ്ട്‌വരി പാതനിര്‍മ്മിച്ച് തടിതപ്പാനായിരുന്ന കെ.എസ്.ടി.പി അധികൃതരുടെ പരിപാടി. അവാസനം ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങിയതോടെ രാഷ്ട്രീക്കാരെ തമ്മിലടിപ്പിച്ച് രക്ഷപ്പെടാനുളള ശ്രമമാണ് കെ.എസ്.ടി.പി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.