Latest News

ഉദുമയില്‍ റോഡ് വികസനത്തിന് തടസമായ സി.പി.എം ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റണം: യൂത്ത് ലീഗ്

ഉദുമ: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ ഉദുമ ടൗണില്‍ റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ സി.പി.എം നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]

നിരവധി വാഹനാപകട മരണങ്ങള്‍ നടക്കുന്ന ഉദുമ ടൗണില്‍ ഡിവൈഡറോട് കൂടിയ ആറ് വരിപ്പാത നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും ഇതിന് തടസ്സം നില്‍ക്കുന്ന സി.പി.എം ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി തന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പണി ആരംഭിക്കാന്‍ തയ്യാറാണെന്നും കെ.എസ് ടി.പി. ഉദ്യോഗസ്ഥര്‍ ഉദുമ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാന്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ സി.പി.എം അനുവദിക്കുന്നില്ല.
ബസ് ഷെല്‍ട്ടര്‍ പൊളിക്കാതെ ലഭ്യമായ സ്ഥലത്ത് റോഡ് നിര്‍മ്മിച്ചാല്‍ മതിയെന്നാണ് സി.പി.എം നിലപാട്. സ്ഥലം എം.എല്‍.എ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാമെന്ന് പറഞ്ഞതല്ലാതെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. 

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി അനധികൃതമായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടര്‍ തങ്ങളുടെ സ്മാരകമാണെന്നും അതു പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
റോഡ് വികസനത്തിന് വേണ്ടി കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്താന്‍ കൂട്ടുനില്‍ക്കുന്ന സി.പി.എം. ഉദുമയില്‍ സ്വീകരിക്കുന്ന നിലപാട് വിരോധാഭാസമാണ്. 

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബസ് ഷെല്‍ട്ടര്‍ നീക്കം ചെയ്യാന്‍ അനുവദിക്കാത്ത വികസന വിരോധികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ഉദുമ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.