Latest News

  

മുസ്ലിമായതിനാൽ വീടൊഴിയണമെന്ന് അയൽവാസികൾ, ആരോപണവുമായി ഡോക്ടർമാർ

കൊൽക്കത്ത: മുസ്ലിമായി എന്ന ഒറ്റക്കാരണത്താല്‍ തങ്ങളോട് അയല്‍വാസികള്‍ ഫ്‌ളാറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണവുമായി ഡോക്ടര്‍മാര്‍ രംഗത്ത്. കൊല്‍ക്കത്തയിലെ കഡ്ഘട്ടിലാണ് സംഭവം. [www.malabarflash.com]

മുഹമ്മദ് അഫ്താബ് അലം, മോജ്താബ് ഹസ്സന്‍, നാസില്‍ ഷെയ്ഖ്, ഷൗക്കത്ത് ഷെയിഖ് എന്നിവര്‍ കൊല്‍ക്കത്തയില്‍ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്നവരാണ്. കൊല്‍ക്കത്തയില്‍ മുസ്ലിം ആയതിന്റെ പേരില്‍ ഒരുപാടിടങ്ങളില്‍ താമസസൗകര്യം നിഷേധിക്കപ്പെട്ട് ഒടുവില്‍ ലഭിച്ച വീട്ടില്‍ നിന്നാണ് ഇപ്പോള്‍ അയല്‍വാസികള്‍ ഒഴിഞ്ഞു പോകാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

തങ്ങളുടെ പ്രശ്‌നങ്ങള്‍ സംഘടി അഭിജാന്‍ എന്ന സംഘടനയെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് വിഷയം വാര്‍ത്തയാവുന്നത്. പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ അയല്‍വാസികളെ നേരിട്ട് കണ്ട് സംസാരിക്കുന്നുണ്ടെന്നും മുന്‍സിപ്പൽ കൗണ്‍സിലറോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും സംഘടനയുടെ പ്രതിനിധി അറിയിച്ചു.

അതേസമയം വീട്ടുടമസ്ഥന്‍ തങ്ങളോട് ദയാപൂര്‍വ്വമാണ് പെരുമാറിയതെന്നും എന്നാല്‍ അയല്‍വാസികള്‍ക്കാണ് പ്രശ്‌നമെന്നും ഡോക്ടർമാർ പറയുന്നു.

"മതത്തിന്റെ പേരില്‍ ഒരുപാട് വീടുകള്‍ ഞങ്ങള്‍ക്ക് നിരസിക്കപ്പെട്ടു. ഒരുപാട് നാളത്തെ അലച്ചിലിനു ശേഷമാണ് ഈ വീട് ലഭിക്കുന്നത്. പക്ഷെ പുതിയ വീടിന്റെ ഉടമ അത്തരത്തില്‍ ഒരാവശ്യവും ഉന്നയിച്ചിരുന്നില്ല.അപ്പോഴാണ് അയല്‍വാസികള്‍ എതിര്‍പ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്", ഡോക്ടര്‍മാര്‍ പറയുന്നു.

താന്‍ അയല്‍വാസികളുമായി സംസാരിച്ചിരുന്നെന്നും എല്ലാവരുടെയും പ്രശ്‌നം മതമാണെന്നും ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.