Latest News

കലൈജ്ഞർ എം.കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.[www.malabarflash.com] 

ഈ വർഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വർഷം പൂർത്തിയാക്കിയിരുന്നു. മരണവേളയിൽ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു.

ശ്വസനം സുഗമമാക്കുന്നതിനായി കഴുത്തിൽ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്കു അദ്ദേഹത്തെ ജൂലൈ 19 ന് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്നു ശ്വസനം സുഗമമാക്കാനായാണ് 2016ൽ ശ്വാസനാളിയിൽ ട്യൂബ് (ട്രക്കിയസ്റ്റമി) ഘടിപ്പിച്ചത്. 

പിന്നിട്ട ഏതാനും മാസങ്ങളായി കരുണാനിധിയെ ആരോഗ്യപ്രശ്നങ്ങൾ വലിയ തോതിൽ അലട്ടിയിരുന്നു. ട്രക്കിയസ്റ്റമി ട്യൂബ് മാറ്റിയതിനു പിന്നാലെ പനിയും മൂത്രനാളിയിലെ അണുബാധയും ബാധിച്ച അദ്ദേഹത്തിന്റെ ചികിൽസയ്ക്കായി ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിക്കു സമാനമായ ചികിൽസാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. 

തുടർന്ന് നില വഷളായതിനെത്തുടർന്ന് ജൂലൈ 29ന് കാവേരി ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിൽ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുവെന്ന സൂചന ലഭിച്ചെങ്കിലും തിങ്കളാഴ്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് തുടങ്ങിയവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

നാഗപട്ടണം ജില്ലയിലെ തിരുകുവളെയിൽ 1924 ജൂൺ മൂന്നിന് പിന്നാക്ക സമുദായമായ ഇശയ വെള്ളാള വിഭാഗത്തിൽ ജനിച്ച മുത്തുവേൽ കരുണാനിധി ഇ.വി. രാമസ്വാമിയുടെ (പെരിയോർ) ശിഷ്യനായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ദക്ഷിണാമൂർത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. 1949 ൽ സി.എൻ.അണ്ണാദുരൈ ഡിഎംകെ സ്‌ഥാപിച്ചപ്പോൾ ഒപ്പം ചേർന്ന അദ്ദേഹം 1957 ൽ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തിൽ വിജയിച്ച് എംഎൽഎയായി. 1961 ൽ പാർട്ടി ട്രഷററായ അദ്ദേഹം 1962 ൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ൽ ഡിഎംകെ സർക്കാർ അധികാരമേറിയപ്പോൾ പൊതുമരാമത്ത് മന്ത്രിയായി. 1969 ൽ അണ്ണാദുരെയുടെ നിര്യാണത്തെത്തുടർന്ന് ഡിഎംകെ അധ്യക്ഷനും അതേവർഷം തന്നെ മുഖ്യമന്ത്രിയുമായി.

സിനിമയിലും രാഷ്ട്രീയത്തിലും സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും 1972 ൽ വഴി പിരിഞ്ഞു. 1977 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പിരിച്ചുവിടുന്നതുവരെ കരുണാനിധി അധികാരത്തില്‍ തുടര്‍ന്നു. എഐഎഡിഎംകെയിലൂടെ എംജിആറിന്റെ രാഷ്ട്രീയമുന്നേറ്റം കണ്ട തമിഴകത്ത് എംജിആറിന്റെ മരണശേഷം 1989 ലാണ് കരുണാനിധിയെ തേടി പിന്നീട് മുഖ്യമന്ത്രി സ്ഥാനമെത്തുന്നത്. 1996 - 2001 കാലഘട്ടത്തിലും 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലും വീണ്ടും മുഖ്യമന്ത്രിയായി.

കേവലം രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ല കരുണാനിധിയുടെ വ്യക്തിപ്രഭാവം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകൻ കൂടിയായിരുന്നു. തിരുക്കുറൾ ഉൾപ്പെടെ തമിഴ്ക്ലാസിക്കുകൾ മിക്കതും മനഃപാഠം. മാക്‌സിം ഗോർക്കിയുടെ ‘ മദറി’ന്റെ തമിഴ് പരിഭാഷ ഉൾപ്പെടെ ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചു. ഇരുപതാം വയസ്സിൽ ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു തിരക്കഥയെഴുതി. തുടർന്ന് എഴുപതോളം തിരക്കഥകളും നൂറോളം പുസ്‌തകങ്ങളും ആ തൂലികയിൽ നിന്നു പിറന്നു. തമിഴകം ആദരപൂർവം അദ്ദേഹത്തെ ‘കലൈജ്ഞർ’ (കലാകാരൻ) എന്നു വിളിച്ചു.

മൂന്നു ഭാര്യമാർ: പരേതയായ പത്മാവതി അമ്മാൾ, രാജാത്തി അമ്മാൾ, ദയാലു അമ്മാൾ. മകൻ എം.കെ.സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. മകൾ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവം. മറ്റു മക്കൾ: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെൽവി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.