Latest News

കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് രണ്ടു ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു

ചെന്നൈ: ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് രണ്ടു ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു. മയിലാടുതിരൈ സ്വദേശി സുബ്രഹ്മണ്യന്‍, നാഗപട്ടണം സ്വദേശി രാജേന്ദ്രന്‍ എന്നിവരാണു മരിച്ചത്.[www.malabarflash.com]

അതേസമയം, കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി സംഘര്‍ഷത്തിലാണ്. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സംസ്‌ക്കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഡി.എം.കെ നേതാക്കള്‍ വഴങ്ങിയിട്ടില്ല.

എം.ജി രാമചന്ദ്രനും, ജയലളിതയും എല്ലാം അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് കരുണാനിധിയുടെ കുടുംബവും.

ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരുവിട്ടാല്‍ എന്തും സംഭവിക്കുമെന്നതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയിലാണ്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കാവേരി ആശുപത്രിക്കു മുന്നില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു.

മരിച്ചാലും കരുണാനിധിയോടുള്ള രാഷ്ട്രീയ പക തീരില്ലേയെന്ന് ചോദിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍ പൊട്ടിത്തെറിക്കുകയാണ്.

പതിനായിരങ്ങള്‍ ചെന്നൈയിലേക്ക് പ്രവഹിക്കുന്ന സാഹചര്യത്തില്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ പോലീസും ധര്‍മ്മസങ്കടത്തിലാണ്.

കരുണാനിധിയുടെ കുടുംബവുമായും ഡി.എം.കെ നേതാക്കളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശയ വിനിമയം നടത്തി വരികയാണ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പോലീസിനും മറിച്ചൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

മറീന ബീച്ചില്‍ കലൈഞ്ജര്‍ക്ക് സമാധി ഒരുക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ഡി.എം.കെ ഒദ്യോഗികമായി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഈ ആവശ്യം ഉന്നയിച്ചുള്ള ഡിഎംകെയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.