Latest News

വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വയുടെ നിര്‍മ്മാണം പൂര്‍ത്തിയായി

മക്ക: വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വയുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും കിസ്‌വയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞതായും ജിദ്ദയിലെ ഉമ്മുല്‍ ജൂദിലെ കിസ്വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂര്‍ പറഞ്ഞു.[www.malabarflash.com]

കറുത്ത പട്ടു തുണിയില്‍ സ്വര്‍ണം പൂശിയ നൂലുകള്‍ കൊണ്ട് നെയ്തെടുക്കുന്ന പുടവയില്‍ ചിത്രപ്പണകളും ഖുര്‍ആന്‍ സൂക്തങ്ങളും ഉല്ലേഖനം ചെയ്തതിട്ടുള്ള കിസ്‌വക്ക് 14 മീറ്റര്‍ ഉയരവും 47 മീറ്റര്‍ വീതിയുമുണ്ട്.

പ്രത്യേകം ഇറക്കുമതി ചെയ്ത പട്ടിലാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. ഇരുനൂറ്റന്‍പതോളം ജീവനക്കാര്‍ ഒരുവര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. സമചതുര ഭാഗങ്ങളായി നിര്‍മിക്കുന്ന കിസ്‌വ കഅബയില്‍ ചാര്‍ത്തിയ ശേഷമാണ് തുന്നി ഒരു പുടവയാക്കി മാറ്റുന്നത്. 

ഖുര്‍ആന്‍ ആയത്തുകള്‍ ഉല്ലേഖനം, നെയ്ത്ത്, ചായം പൂശല്‍, പ്രിന്റിങ് എന്നിവയില്‍ വിദഗ്ദ പരിശീലനം നേടിയ സംഘമാണ് കിസ്‌വ
നിര്‍മ്മിക്കുന്നത്. 16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ നെയ്ത്തു മെഷീന്‍ ഇതിനായി ഉപയോഗിക്കുന്നു.

എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് ഒന്നിന് ആകര്‍ഷകവും പ്രൗഢവുമായ പരിപാടി ആയാണ് കിസ്‌വ കൈമാറ്റം നടക്കുക. പരിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫ സംഗമത്തിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫാ താഴ്വാരത്ത് സമ്മേളിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന്റെ പ്രഭാതത്തിലാണ് വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വയണിയിക്കുന്നത്. രാവിലെ ആരംഭിക്കുന്ന ചടങ്ങ് വൈകീട്ടാണ് പൂര്‍ത്തിയാവുക.

പുതിയ കിസ്‌വ ധരിപ്പിക്കുമ്പോള്‍ നീക്കം ചെയ്യുന്ന പഴയ കിസ്വയുടെ കഷണങ്ങള്‍ സഊദി സന്ദര്‍ശിക്കുന്ന ഉന്നത വ്യക്തികള്‍ക്ക് സമ്മാനിക്കാറുണ്ട്. ഹറമിലെത്തുന്ന ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനില്‍ക്കുന്ന ഓര്‍മ്മയാണ് കറുത്തപട്ടില്‍ സ്വര്‍ണനൂലില്‍ തീര്‍ത്ത കിസ്‌വ പുതച്ച് നില്‍ക്കുന്ന കഅ്ബയുടെ ദൃശ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.