Latest News

പൊതുമാപ്പ്‌ സന്ദേശ പ്രചാരണം: എമിഗ്രേഷന്‍ വകുപ്പും ദുബൈ കെ.എം.സി.സി.യും കൈകോര്‍ക്കുന്നു

ദുബൈ: മതിയായ രേഖകളില്ലാതെ രാജ്യത്ത്താമസിക്കുന്ന പ്രവാസികള്‍ക്കായി യു.എ.ഇ.പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സന്ദേശങ്ങള്‍ വിദേശികള്‍ക്കിടയില്‍ എത്തിച്ച് അവബോധമുണ്ടാക്കിയെടുക്കാനും പൊതുമാപ്പിന്റെ ഗുണഗണങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും എമിഗ്രേഷന്‍ വകുപ്പും ദുബൈ കെ.എം.സി.സി.യും കൈകോര്‍ക്കുന്നു.[www.malabarflash.com]

ഇതിന്റെ പ്രധാന ചുമതല വഹിക്കുന്ന ജി.ഡി.ആര്‍.എഫ്.എ. ദുബൈ, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അലി ശരീഫ് പൊതുമാപ്പ് സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും ലഘു ലേഖകളുമടങ്ങിയ പ്രചാരണ സാമഗ്രികള്‍ ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹക്ക് കൈമാറി. 

യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ സന്നിഹിതരായി. 

സഹിഷ്ണുതയുടെ സന്ദേശവാഹകനായിരുന്ന രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ സ്മൃതി വര്‍ഷത്തില്‍ ആഗസ്റ്റ് ഒന്ന് ബുധനാഴ്ച ആരംഭിച്ച പൊതുമാപ്പിന്റെ മുദ്രാവാക്യം 'രേഖകള്‍ ശരിയാക്കി സ്വയം സുരക്ഷിതരാവുക' എന്നതാണ്.

രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരാനും ശിക്ഷാ നടപടികളില്ലാതെ നാട്ടില്‍ പോകാനും അവസരമൊരുക്കുന്ന സംവിധാനത്തെ ക്കുറിച്ച് 220 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഭാഷക്കാരും വേഷക്കാരുമായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണ പരിപാടികള്‍ഒരുക്കാനുള്ള പങ്കാളികളായിട്ടാണ് ദുബൈ കെ.എം.സി.സി.യെ എമിഗ്രേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

എമിഗ്രേഷന്‍ അധികൃതരും ദുബൈ കെ.എം.സി.സി. ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായി. 2012 ലെ പൊതുമാപ്പിന് ശേഷംവീണ്ടും ആറുവര്‍ഷം കഴിഞ്ഞ് നടപ്പാക്കുന്ന പൊതുമാപ്പിന് സവിശേഷതകള്‍ ഏറെയാണ്. മുന്‍കാലങ്ങളില്‍ നിന്ന്‌വ്യത്യസ്തമായി മാനുഷികത പ്രകടമാവുന്ന ഒന്ന് യാത്രാവിലക്ക് എടുത്തുകളഞ്ഞതാണ്.

പൊതുമാപ്പിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളുമടങ്ങിയ ഔദ്യോഗിക സന്ദേശങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ രാജ്യത്തിന്റെ നാനാഭാഗത്തും വസിക്കുന്ന പ്രവാസികള്‍ക്കിടയില്‍ എത്തിക്കാന്‍ ദുബൈ കെ.എം.സി.സി.യുടെ പരിചയസമ്പന്നരായ വളണ്ടിയര്‍ സംഘത്തെ ഉള്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ പറഞ്ഞു. 

സാമൂഹ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളുമുപയോഗിച്ച ്‌ലേബര്‍ ക്യാമ്പുകള്‍, മെട്രോ-ബസ്‌സ്റ്റേഷനുകള്‍, ഫ്‌ലാറ്റുകള്‍, ഷോപ്പുകള്‍, സൂപ്പര്‍ - ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി ആളുകള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളിലെല്ലാം പൊതുമാപ്പിന്റെ സൗകര്യമുപയോഗപ്പെടുത്താന്‍ ഗുണഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ബോധവത്കരണ സംഘങ്ങള്‍ പര്യടനം നടത്തുമെന്നും നിര്‍ഭയത്വത്തോടെ പൊതുമാപ്പിനെ സ്വീകരിക്കാന്‍ ഇവരെ തയ്യാറാക്കുക എന്ന ലക്ഷ്യവുംകൂടി ഈ ബൃഹത്തായ സന്ദേശ പ്രചാരണ കാമ്പയിന്‍ കൊണ്ട് ഉദ്ദേശമുണ്ട്. മൂന്ന് മാസക്കാലം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് ഒക്ടോബര്‍ 31 ന് അവസാനിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.