Latest News

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനമനസുകളില്‍ ഇന്നും ജീവിക്കുന്ന അനിഷേധ്യനായ നേതാവ്: ഹൈദരലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മഹാമാതൃക തീര്‍ത്ത് വിടവാങ്ങിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനമനസുകളില്‍ ഇന്നും ജീവിക്കുന്ന അനിഷേധ്യനായ നേതാവാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.[www.malabarflash.com]

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍.
മത- രാഷ്ട്രീയ- സാമൂഹിക മേഖലകളില്‍ തിരക്കുപിടിച്ച ജീവിതം നയിച്ചപ്പോഴും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട നേതാവായിരുന്നു അദ്ദേഹം. ഏതു പ്രശ്‌നങ്ങളെയും സമചിത്തതയോടെയും സമവായത്തിലൂടെയും പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ട തങ്ങളെ എല്ലാ വിഭാഗം ജനങ്ങളും ബഹുമാനത്തോടെയാണ് നോക്കിക്കണ്ടത്. മത സൗഹാര്‍ദം ഊട്ടി ഉറപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. കേരളത്തില്‍ പലപ്പോഴായി ഉണ്ടായിട്ടുള്ള വര്‍ഗീയ സംഘര്‍ഷ മേഖലകളില്‍ ഒരു ശാന്തി ദൂതനായെത്തി അവിടത്തെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്‌നേഹ സന്ദേശം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. എല്ലാവരുടെയും ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന നേതാവാണ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ജീവിതം കൊണ്ട് ജനങ്ങളുടെ മൊത്തം സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ തങ്ങള്‍ക്ക് സാധിച്ചു. ലോകോത്തര നിലവാരത്തില്‍ അറിയപ്പെട്ടപ്പോഴും സാധാരണക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മുന്‍പന്തിയിലായിരുന്നു. ബാബരി മസ്ജിദ് തകര്‍ച്ചയോടു കൂടി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ ചില കേന്ദ്രങ്ങളില്‍ ശ്രമം നടന്നപ്പോള്‍ സമാധാനം നിലനിര്‍ത്താനുള്ള ആഹ്വാനം നടത്താന്‍ പല സംഘടനകളും സമീപിച്ചത് ശിഹാബ് തങ്ങളെയായിരുന്നു. ജാതി- മത- രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശിഹാബ് തങ്ങളുടെ ഓര്‍മ നിലാവ് പോലെയാണെന്നും എല്ലാ അര്‍ത്ഥത്തിലും അതിശയിപ്പിച്ച നേതാവായിരുന്നു തങ്ങള്‍ എന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. പാവപ്പെട്ട ജനങ്ങളോട് ഏറെ സ്‌നേഹം കാണിച്ച തങ്ങള്‍ അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നല്‍കിയ തങ്ങള്‍ പാവപ്പെട്ട ഒരുപാട് കുട്ടികളെ പഠിപ്പിക്കാന്‍ സഹായം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ- മതരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും തങ്ങള്‍ എഴുത്തിലും വായനയിലും കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്- സമദാനി പറഞ്ഞു.
കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ രംഗപ്രവേശനം ചെയ്തപ്പോള്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ശിഹാബ് തങ്ങളുടെ ശക്തമായ ഇടപെടലുകള്‍ കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ പറഞ്ഞു. 

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സെക്രട്ടറി കെ.എസ് ഹംസ, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ.എം ഷാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുള്ള, എം.എസ് മുഹമ്മദ് കുഞ്ഞി, എസ്.എ.എം ബഷീര്‍, വി.കെ ബാവ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി ചെര്‍ക്കള, പി.എം മുനീര്‍ ഹാജി, വി.പി അബ്ദുല്‍ ഖാദര്‍, അസീസ് മരിക്കെ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, കെഎംസിസി നേതാക്കളായ എം.പി ഷാഫി ഹാജി, ഹംസ തൊട്ടി, ലുഖ്മാനുല്‍ ഹക്കീം തളങ്കര, അന്‍വര്‍ ചേരങ്കൈ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ്, കെ. പുണ്ടരികാക്ഷ, പി.പി നസീമ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.