കാസര്‍കോട്: സ്വത്തിനുവേണ്ടി വൃദ്ധയായ അമ്മയെ മകളും മരുമകനും ചേര്‍ന്നു മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി വില്ലേജ് ഓഫീസറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുവാന്‍ വനിത കമ്മീഷന്‍ പോലീസിനു നിര്‍ദേശം നല്‍കി.[www.malabarflash.com]
മാനസിക പീഡനം സഹിക്കാനാകാതെ മാനസിക സംഘര്‍ഷത്തില്‍ മരണത്തിനുവരെ കാരണമായേക്കാമെന്ന ഹോസ്ദുര്‍ഗ് വില്ലേജ് ഓഫീസറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പോലീസിനോട് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ നിരവധി അസുഖങ്ങള്‍ അലട്ടുന്ന ഹോസ്ദുര്‍ഗില്‍ നിന്നുള്ള 77കാരിയായ തമ്പായിയമ്മയെയാണു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യപികയായ മകളും റിട്ട.പോലീസ് ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്നു ദ്രോഹിക്കുന്നത്. ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തമ്പായിയമ്മയുടെ പേരിലുള്ള മൂന്നര സെന്റ് ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണു സമീപത്തു താമസിക്കുന്ന മകളും മരുമകനും ചേര്‍ന്നു ശാരീകമായും മാനസീകമായും പീഡനങ്ങള്‍ തുടങ്ങിയത്.
മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഈ അമ്മയ്ക്ക്. ഇതില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഇളയമകളാണ് ഏക ആശ്രയം. മറ്റു മക്കള്‍ മെച്ചപ്പെട്ടനിലയിലാണ്. സ്‌കൂളില്‍ പാചകക്കാരിയായി ജോലി ചെയ്തുംമറ്റും മക്കളെയെല്ലാം പഠിപ്പിച്ചു. എന്നാല്‍ വാര്‍ധക്യകാലത്തു തനിക്ക് അവരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നു കഴിഞ്ഞ എപ്രില്‍ 17ന് കളക്ടറേറ്റില്‍ നടന്ന മെഗാ അദാലത്തില്‍ ഇളയമകള്‍ക്കൊപ്പമെത്തിയ തമ്പായിയമ്മ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
തന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയം വളരെ ഗൗരവത്തോടെയാണു കമ്മീഷന്‍ വിലയിരുത്തുന്നതെന്നും വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ഗൗരവതരമാണെന്നും ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. തമ്പായമ്മയുടെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ അനുവദിക്കാതെ പ്രായാധിക്യം മൂലമോ മാനസിക സംഘര്‍ഷത്താലോ ഇവര്‍ മരിച്ചാല്‍ ഈ ഭൂമിയുടെ അവകാശം തനിക്ക് കയ്യടക്കാമെന്ന ലക്ഷ്യത്തോടെയാണു മകള്‍ പ്രവര്‍ത്തിക്കുന്നതെന്നു മനസിലാക്കുന്നതായി വില്ലേജ് ഓഫീസറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി കമ്മീഷന്‍ വ്യക്തമാക്കി.
മരുമകന്‍ ഒരിക്കല്‍ തെറിവിളിച്ചതിനെതുടര്‍ന്നു തളര്‍ന്നുവീണ തമ്പായിയമ്മയെ തൊട്ടടുത്ത് കട നടത്തുന്നയാളാണ് ആശുപത്രിയിലെത്തിച്ചത്. നല്ല സാമ്പത്തിയനിലയിലുള്ള ഇവര്‍ ഈ അമ്മയെ പരിചരിക്കുന്നില്ലെന്നും ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇളയ മകളാണു സംരക്ഷിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തമ്പായിയമ്മയുടെ പ്രായം പോലും പരിഗണിക്കാതെയാണ് മകള്‍ ഇങ്ങനെ പെരുമാറുന്നതെന്നും പ്രായത്തിന്റേതായ എല്ലാ ആനുകൂല്യങ്ങളും ഈ അമ്മയ്ക്ക് അര്‍ഹതപ്പെട്ടതാണെന്നും എതിര്‍ സ്ഥാനത്തുനില്‍ക്കുന്നയാള്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണെന്നതും ഗൗരവപരമായ കാര്യമാണെന്നു കമ്മീഷന്‍ വിലയിരുത്തി. പോലീസിനോട് ഉടന്‍ കേസ് എടുക്കുവാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും ഡോ.ഷാഹിദ കമാല്‍ പറഞ്ഞു.
No comments:
Post a Comment