Latest News

സി.പി.എം പ്രവര്‍ത്തകരായ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച കേസ്​: ആർ.എസ്.എസ്​ പ്രവർത്തകർക്ക്​ തടവ്

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകരായ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച കേസിൽ ആറ് ആർ.എസ്.എസ്​ പ്രവർത്തകർക്ക്​ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷവും പത്ത്മാസവും തടവും 15,000 രൂപ വീതം പിഴ അടക്കാനും കോടതി ശിക്ഷിച്ചു.[www.malabarflash.com] 

 ഇരിട്ടി കീഴൂർ സ്വദേശികളായ കണ്ണോത്ത്ഹൗസില്‍ പി.ആര്‍. സജു (27), കൃഷ്ണപ്രസാദ് (33), അരയമ്പത്ത്ഹൗസില്‍ റിജേഷ് എന്ന ഉണ്ടേശന്‍ (27), ചന്ത്രോത്ത്ഹൗസില്‍ എ.കെ. അജേഷ് (30), അളോറ ഹൗസില്‍ കെ. ശരത്ത് (28), കുറ്റിയാടന്‍ ഹൗസില്‍ ലജീഷ് എന്ന അനിയന്‍ (38) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ ശിക്ഷിച്ചത്.

കീഴൂര്‍ വള്ള്യാട് ഉഷ നിവാസില്‍ മഞ്ഞക്കര ജയകൃഷ്ണന്‍ (57), അനുജന്‍ പി. പ്രദീശന്‍ (43) എന്നിവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പിച്ച കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ നാല്മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ 85,000 രൂപ പരിക്കേറ്റ ജയകൃഷ്ണനും 5,000 രൂപ അനുജന്‍ പ്രദീശനും നല്‍കാനും കോടതി വിധിച്ചു. 

2010 മാര്‍ച്ച് 28ന് രാത്രി ഒമ്പത്​ മണിക്ക് കീഴൂര്‍ അമ്പലം എടക്കാനം ഭാഗത്തേക്ക് പോവുന്ന പഴശ്ശി റിസര്‍വോയറിന്റെ  ഒഴിഞ്ഞ സ്ഥലത്തുവെച്ചായിരുന്നു ആക്രമണം.

ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരായ പതിനാലുപേര്‍ രാഷ്​ട്രീയവിരോധം കാരണം സംഘം ചേര്‍ന്ന് വാള്‍, ഇരുമ്പ്‌ വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. 

കേസിൽ ഒന്നും പതിനൊന്നും പ്രതികളായ ധനേഷ്, അനീഷ് എന്നിവര്‍ പിന്നീട് മരണപ്പെട്ടിരുന്നു. മറ്റു പ്രതികളായ കെ. രതീശന്‍, എം. പ്രശോഭ്, എം.ആര്‍. ജിതേഷ്, എം. അക്ഷയ്, കെ. അരുണ്‍കുമാര്‍, എം. സുനില്‍കുമാര്‍ എന്നിവരെ കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.സി.കെ. രാമചന്ദ്രന്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.