Latest News

വിദേശത്ത് 15 ലക്ഷം രൂപ വില വരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

കാസർകോട്∙ വിദേശത്ത് 15 ലക്ഷം രൂപ വില വരുന്ന ഹഷീഷ് ഓയിലുമായി 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി സ്വദേശി ടയർ എന്ന ഫൈസൽ(31), കുമ്പള സ്വദേശി മുഹമ്മദ് ഹനീഫ (23) എന്നിവരെയാണു കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

ചന്ദ്രഗിരിപ്പാലത്തിനു താഴെയെത്തിയ പ്രതികളെ  പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. ഇവരിൽ നിന്നു പിടിച്ചെടുത്ത 450 ഗ്രാം ലഹരിമരുന്നിന് കേരളത്തിൽ 3 ലക്ഷത്തോളം രൂപ വില വരും. ഗൾഫിലേക്കു കടത്താനായി മറ്റൊരാൾക്കു കൈമാറാനെത്തിയതായിരുന്നു ഇവർ.

ഏറെക്കാലത്തിനു ശേഷമാണ് പോലീസിന്റെ നേതൃത്വത്തിൽ ഇത്രയും വലിയ ലഹരിവേട്ട നടക്കുന്നത്. കഴിഞ്ഞദിവസം കാസർകോട് സിഐക്കു ലഭിച്ച രഹസ്യവിവരം അനുസരിച്ചു പ്രതികൾ സ്ഥിരമായി ഉപയോഗിക്കുന്ന കാർ പോലീസ് നോട്ടമിട്ടിരുന്നു. 

മഫ്തിയിലും അല്ലാതെയും 2 ദിവസമായി ഈ കാറിനെ പിന്തുടർന്ന 11അംഗ പോലീസ് സംഘം പാലത്തിനു താഴെ ഇവർ എത്തിയതോടെ 2 വശത്തു നിന്നും വളയുകയായിരുന്നു. പുഴയിൽ ചാടി പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ശ്രദ്ധയോടെയായിരുന്നു ഓരോ നീക്കവും. 

450ഗ്രാം എന്നത് താരതമ്യേന വലിയ അളവാണ്. വിദേശരാജ്യങ്ങളിൽ 15 ലക്ഷത്തിനടുത്ത് ഇവയ്ക്കു വില വരുമെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലുള്ളതിനേക്കാൾ മൂന്നും നാലും ഇരട്ടി വിലയാണ് വിദേശത്ത്.

നേരിട്ട് ശരീരത്തിൽ പുരട്ടിയോ മറ്റു മാർഗങ്ങളിലൂടെയോ ഉപയോഗിക്കാവുന്നതിനാൽ വില കൂടുതലാണെങ്കിലും ആവശ്യക്കാരും ഏറെ. 

ആളൊഴിഞ്ഞതും ആരുടെയും ശ്രദ്ധയിൽപെടില്ലെന്നതുമാണ് ചന്ദ്രഗിരിപ്പാലത്തിനു താഴെയുള്ള ഒഴിഞ്ഞ സ്ഥലം പ്രതികൾ തിരഞ്ഞെടുത്തത്. പിടിച്ചെടുത്ത ഓയിൽ തഹസിൽദാരുടെ സാന്നിധ്യത്തിൽ പൊതിഞ്ഞു സീൽ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

എസ്ഐമാരായ പി.അജിത്കുമാർ, ബി.എസ്.ബവീഷ്, കെ.ബാലകൃഷ്ണൻ, ഹസൈനാർകുട്ടി, ടി.എൻ.മോഹനൻ, എഎസ്ഐ വേണുഗോപാൽ, സിപിഒമാരായ എം.വൈ.തോമസ്, രജനീഷ്, നിയാസ്, സലാം, ലതീഷ് എന്നിവരാണു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.