കാഞ്ഞങ്ങാട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയുള്ള ആര് എസ്എസ് അക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അഡ്വ. സി ഷുക്കൂറിനെതിരെ മുസ്ലിംലീഗ് അച്ചടക്ക നടപടി സ്വീകരിക്കുകയോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ലെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന് അറിയിച്ചു.[www.malabarflash.com]
മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വികാരമായ അരയി ഷുക്കൂര്‍ വധത്തില്‍ പ്രതിയായ ഒരാളെ വെള്ളപൂശുന്ന രീതിയിലുള്ള പരാമര്‍ശം ആശയക്കുഴപ്പം സൃഷ്ടിച്ചതിന്റെ പേരില്‍ അദ്ദേഹം വഹിച്ചിരുന്ന ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് അവരുടെ സംസ്ഥാന കമ്മിറ്റി നീക്കം ചെയ്തിരുന്നു.
എന്നാല്‍ അംഗത്വ വിതരണവും കമ്മിറ്റി രൂപീകരണവും ആരംഭിച്ചതിനാല്‍ ഈ സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്തുന്നതില്‍ അഡ്വ. ഷുക്കൂറിന് തടസ്സമില്ല. അദ്ദേഹത്തിന് മുസ്ലിംലീഗില്‍ അംഗത്വം നിലവിലുണ്ടെന്നും ഖമറുദ്ദീന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അഡ്വ. ഷുക്കൂറിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന നവമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുമായി മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ മേലില്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം സി ഖമറുദ്ദീന് വ്യക്തമാക്കി.
അതേ സമയം ഫാസിസ്റ്റ് ക്രിമിനല്‍ സംഘത്തിന്റെ കൊലക്കത്തിക്കിരയായ കാസര്‍കോട് ചൂരിയിലെ റിയാസ് മൗലവി വധക്കേസില്‍ കൃത്യമായ നിയമോപദേശം നല്‍കുകയും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടനെ നിയമിക്കാന്‍ ഇടപെടുകയും ഇതിന്റെയൊക്കെ ഫലമായി പ്രതികളെ പുറത്തുവിടാതെ ജയിലില്‍ തന്നെ അടക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്ത അഡ്വ. സി ഷുക്കൂറിനെതിരെയുള്ള ലീഗ് നടപടി പിന്‍വലിക്കണമെന്ന് റിയാസ് മൗലവി കേസ് നടത്തിപ്പ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസ് ഭീകരതക്കെതിരെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായുള്ള അഡ്വ. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയുള്ള ആക്ഷേപങ്ങള്‍ അനവസരത്തിലാണെന്നും കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


No comments:
Post a Comment