Latest News

പാല്‍ക്കുളം ശ്രീ ദേവീ ക്ഷേത്രം നവീകരണ പുനഃ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: പുനര്‍ നിര്‍മ്മാണം നടന്നുവരുന്ന പാല്‍ക്കുളം ശ്രീ ദേവിക്ഷേത്രം നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിനൊരുങ്ങുന്നു. [www.malabarflash.com] 

1989ല്‍ താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ ഇരിവല്‍ കേശവന്‍ വാഴുന്നവരുടെ കാര്‍മ്മികത്വത്തില്‍ ദേവ പ്രതിഷ്ഠ നടത്തിയ ശ്രീദേവി ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ്. അഷ്ടമംഗല്യ സ്വര്‍ണ പ്രശ്‌ന ചിന്തയില്‍ തച്ചുശാസ്ത്രവിധി പ്രകാരം ശ്രീകോവിലും നമസ്‌കാര മണ്ഡപവും കൃഷ്ണ ശിലയില്‍ നിര്‍മ്മിച്ച ഗോപുരമടക്കമുള്ള ക്ഷേത്ര സമുച്ചയമാണ് പൂര്‍ത്തിയായി വരുന്നത്. 

കാഞ്ഞങ്ങാട്- പാണത്തൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരെ ഏഴാം മൈല്‍-ഇടത്തോട് റോഡിലാണ് പാല്‍കുളം. 

ബ്രഹ്മശ്രീ ഐ.കെ. കേശവന്‍ വാഴുന്നവരുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 13 മുതല്‍ 22വരെ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന് പരപ്പ കെ. ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനും നായ്ക്കയം പി. പുരുഷോത്തമന്‍ കണ്‍വീനറും വെള്ളമുണ്ട സി. പീതാംബരന്‍ ട്രഷററുമായുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 

കമ്പിക്കാനം തമ്പാന്‍ നായര്‍ ചെയര്‍മാനും കത്തൊണ്ട് പി.തമ്പാന്‍ നായര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പി. ശിവരാമന്‍ നായര്‍ മാമ്പള്ളം പ്രസിഡണ്ടും വി. കുഞ്ഞിക്കണ്ണന്‍ വെള്ളമുണ്ട സെക്രട്ടറിയും കുമാരന്‍ ട്രഷററുമായുള്ള ക്ഷേത്രസംരക്ഷണ സമിതിയും രംഗത്തുണ്ട്.
ജനുവരി 13ന് ആചാര്യന്മാര്‍ക്ക് വരവേല്‍പ്പും കലവറ നിറയ്ക്കലും നടക്കും. പാല്‍കുളം ഊരു മൂപ്പന്റെ നേതൃത്വത്തില്‍ തുടിമേളവും വിവിധ കലാപരിപാടികളും അരങ്ങേറും. 14ന് ഗോപുര സമര്‍പ്പണവും ആധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് അട്ടേങ്ങാനം മഞ്ജീരധ്വനി നൃത്ത വിദ്യാലയത്തിന്റെ നൃത്ത നൃത്ത്യങ്ങളും അരങ്ങേറും. 15ന് ആധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് കോല്‍ക്കളിയും നൃത്ത സന്ധ്യയും. 16ന് ബേളൂര്‍ തങ്കരാജിന്റെ ഹിന്ദുസ്ഥാനി ഭജന്‍ ഗംഗ. 17ന് ലാലൂര്‍ കെ.എസ്. സ്വര്‍ണ്ണയുടെ സംഗീത കച്ചേരി. തുടര്‍ന്ന് മുളുവന്നൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. 18ന് ഗണഹോമവും രാവിലെ 9.14നും 10.21 നുമിടയില്‍ ദേവിയുടെ കണ്ണാടി ബിംബ പ്രതിഷ്ഠയും നടക്കും. 

തുടര്‍ന്ന് സനല്‍ കത്തൊണ്ടിയുടെ പുല്ലാങ്കുഴല്‍ കച്ചേരി. 19ന് സൂര്യാതേജസ് പരപ്പയുടെ സംഗീത കച്ചേരി, തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണവും ആധ്യാത്മിക സദസ്സും കലാസന്ധ്യയും. 20ന് അക്ഷര ശ്ലോക സദസ്സും നിരജ്ഞന സന്ധ്യയും നൃത്തമാലികയും. 21 ന് ഗണഹോമം, രാവിലെ ആറ്മണിക്ക് നടതുറക്കല്‍. തുടര്‍ന്ന് സമൂഹ ദേവീ സഹസ്ര നാമാര്‍ച്ചനയും കാഴ്ചവരവും നൃത്തോത്സവവും. രാത്രി 10മണിക്ക് ഫഌവേര്‍സ് കോമഡി ഉത്സവം ഫെയിം രതീഷ് കണ്ടടുക്കത്തിന്റെ ഗാനമേള. 22ന് ഭഗവതിക്ക് അരിത്രാവല്‍. തുടര്‍ന്ന് ഗുളികന് കലശംവെക്കലോടെ ബ്രഹ്മകലശോത്സവം സമാപിക്കും. എല്ലാ ദിവസവും ഉച്ചക്ക് അന്നദാനവും സന്ധ്യാനേരത്ത് ഭജനയും ഉണ്ടാവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.