Latest News

ബോംബ് നിര്‍മാണത്തിനിടെ പൊലിഞ്ഞതു 16 ജീവനുകള്‍

തലശേരി: [www.malabarflash.com] രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉഗ്രശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കുന്നതിനിടയില്‍ തലശേരി മേഖലയില്‍ പതിമൂന്നു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞതു 16 ജീവനുകള്‍.

ഇതില്‍ ഒന്‍പതു പേര്‍ ബിജെപി പ്രവര്‍ത്തകര്‍. അഞ്ചു സിപിഎം പ്രവര്‍ത്തകരും രണ്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകരും മരിച്ചവരില്‍പ്പെടുന്നു. സ്‌ഫോടനത്തില്‍ അംഗവൈകല്യം സംഭവിച്ചവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. 

ശനിയാഴ്ച ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കൊളവല്ലൂരില്‍ 2002ല്‍ ബോംബ് നിര്‍മിക്കുമ്പോള്‍ സ്‌ഫോടനമുണ്ടായി രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അടുത്ത നാളില്‍ ബിജെപി വിട്ടു സിപിഎമ്മില്‍ ചേര്‍ന്ന ഒ.കെ. വാസുവിന്റെ സെന്‍ട്രല്‍ പൊയിലൂരിലെ വീടിനടുത്തായിരുന്നു അന്നത്തെ സ്‌ഫോടനം. അശ്വനികുമാര്‍, സുരേന്ദ്രന്‍ എന്നീ യുവാക്കളാണ് അന്നു കൊല്ലപ്പെട്ടത്. അന്നത്തെ സ്‌ഫോടനത്തില്‍ കൈകള്‍ നഷ്ടപ്പെട്ടവര്‍ ഇന്നും പൊയിലൂരിലുണ്ട്.

പത്തു വര്‍ഷം മുമ്പ് കതിരൂര്‍ പുല്ല്യോട്ട് ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ സരേഷ്, പ്രദീപന്‍ എന്നീ യുവാക്കള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയുംചെയ്തു. ഇവരില്‍ മൂന്നു പേര്‍ക്കു കൈകള്‍ നഷ്ടപ്പെട്ടു. 

മട്ടന്നൂര്‍ കോളാരിയിലെ കശുമാവിന്‍ തോട്ടത്തില്‍ ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ തലശേരി കുട്ടിമാക്കൂല്‍ മൂഴിക്കര സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ രജീഷ് എന്ന കുട്ടന്‍ മരിച്ചിരുന്നു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. 

2008 ല്‍ ചെറുവാഞ്ചേരി അത്യാര്‍കാവിനു സമീപം നിര്‍മിച്ച ബോംബ് സുരക്ഷിത സ്ഥലത്തേക്കു നീക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. അന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ജീവരക്ഷാര്‍ത്ഥം കിണറ്റില്‍ ചാടുകയും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുക്കുകയുമായിരുന്നു. കൂടുതല്‍പ്പേര്‍ക്കു പരിക്കേറ്റിരുന്നെങ്കിലും ചിലര്‍ രഹസ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയതിനെ തുടര്‍ന്നു പരിക്കേറ്റവരുടെ പൂര്‍ണവിവരങ്ങള്‍ പുറംലോകം അറിഞ്ഞില്ല.

പത്തായക്കുന്ന് കൊങ്കച്ചിയില്‍ നടന്ന സ്‌ഫോടനത്തില്‍ പ്രശാന്ത്, രാജേഷ് എന്നീ ബിജെപി പ്രവര്‍ത്തകര്‍ മരിച്ചു. പാനൂര്‍ ചെണ്ടയാട് അക്കാനിശേരിയില്‍ ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ പിണറായി സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചന്ദ്രന്‍ മരിക്കുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 

1995 ല്‍ പാനൂരിന്റെ തൊട്ടടുത്ത പ്രദേശമായ വളയത്ത് ആര്‍എസ്എസ് ശാഖയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സുരേന്ദ്രന്‍, സജീവന്‍ എന്നീ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച സ്‌ഫോടനം നടന്ന ചെറ്റക്കണ്ടിയുടെ തൊട്ടടുത്ത പ്രദേശമായ നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നേരത്തെ രണ്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാനൂര്‍ പാറാട്ട് പുത്തൂര്‍ പുഴക്കരുകിലുള്ള വയലില്‍ ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കു പറ്റി. പരിക്കേറ്റവരുടെ കണ്ണുകളും കൈകളും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.

മന്ത്രി കെ.പി. മോഹനന്റെ ഇരട്ടമക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക മന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നതിന് ഒരുദിവസം മുമ്പു പുത്തൂരില്‍ മന്ത്രിയുടെ വീടിനു വിളിപ്പാടകലെ ബോംബ് നിര്‍മാണകേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു. 

നിര്‍മിക്കുന്ന ബോംബുകള്‍ സൂക്ഷിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടായി സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികള്‍ക്കു പരിക്കേല്‍ക്കുന്നതും കണ്ണൂരില്‍ പതിവ് സംഭവങ്ങളാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാനൂര്‍ എലാങ്കോട് മദ്രസയ്ക്കു മുന്നില്‍ കിടന്ന ബോംബ് പൊട്ടി രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.

ഒരു മാസം മുമ്പു പൊയിലൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. റോഡരികില്‍ കിടന്ന പാട്ട പെറുക്കുന്നതിനിടയിലും വീടിനു തറ കെട്ടുന്നതിനായി മണ്ണ് നീക്കുന്നതിനിടയിലും ബോംബ് പൊട്ടി പരിക്കേറ്റവരുമുണ്ട്.

ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപഠനം നടത്തിക്കൊണ്ടിരിക്കുന്ന അസ്‌ന എന്ന പെണ്‍കുട്ടി കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ രാഷ്ടീയ ക്രിമിനലുകള്‍ നടത്തിയ ബോംബേറില്‍ അസ്‌നയുടെ ഒരുകാല്‍ നഷ്ടപ്പെടുകയായിരുന്നു. 

അധ്യാപകന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബോംബ് സ്‌കൂള്‍ ഓഫീസ് മുറിയില്‍ വീണു പൊട്ടിയതും കണ്ണൂരിന്റെ കലാപരാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സംഭവമാണ്.
(കടപ്പാട്: ദീപിക)
Keywords: Kannur, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.