Latest News

ബൈക്കിലെത്തിയ യുവാവ് 2000 രൂപയുടെ കള്ളനോട്ട് നല്‍കി മത്സ്യവില്‍പ്പനക്കാരിയെ കബളിപ്പിച്ചു

ചിത്താരി: 2000 രൂപയുടെ കള്ളനോട്ട് നല്‍കി മത്സ്യവില്‍പ്പനക്കാരിയെ കബളിപ്പിച്ചു. ചിത്താരി ചാമുണ്ഡിക്കുന്നില്‍ വര്‍ഷങ്ങളായി മത്സ്യവില്‍പ്പന നടത്തുന്ന ബേക്കലിലെ അറുപതുകാരിയായ ഉമ്പിച്ചിയാണ് തട്ടിപ്പിനിരയായത്.[www.malabarflash.com]

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഹെല്‍മറ്റ് വെച്ച് ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങുകയായിരുന്നു. മത്സ്യം വാങ്ങിയ ശേഷം ബൈക്ക് യാത്രികന്‍ 2000 രൂപ നല്‍കി. മത്സ്യത്തിന്റെ തുകകഴിച്ച് ബാക്കി 1800 രൂപ ഉമ്പിച്ചി തിരിച്ച് നല്‍കുകയും ചെയ്തു. മത്സ്യവും പണവും വാങ്ങി ബൈക്ക് യാത്രക്കാരന്‍ പെട്ടെന്ന് സ്ഥലം വിടുകയായിരുന്നു. 

മത്സ്യവില്‍പ്പന കഴിഞ്ഞ ശേഷം ഉമ്പിച്ചി മത്സ്യഏജന്റിന് പണം കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. 

സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. ബൈക്ക് ഹെല്‍മറ്റ് ധരിച്ചെത്തുന്ന തട്ടിപ്പുകാര്‍ വൃദ്ധരായ മത്സ്യവില്‍പ്പനക്കാര്‍, തട്ടുകടക്കാര്‍, ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാര്‍ എന്നിവരെയാണ് ഇങ്ങനെ കള്ളനോട്ട് നല്‍കി പറ്റിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. 

അപരിചിതരും ഹെല്‍മറ്റ് ധരിച്ചെത്തുന്നവരുമായി പണമിടപാട് നടത്തുമ്പോള്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.