Latest News

മഞ്ചേശ്വരത്ത് ഞാന്‍ ജയിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭയം, അനന്തമായി ജയിലില്‍ അടയ്ക്കാന്‍ ശ്രമം: കെ. സുരേന്ദ്രന്‍

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഞ്ചുവേദനയൊന്നും ഞാന്‍ അഭിനയിക്കില്ലെന്നും പി. ജയരാജനെ പരോക്ഷമായി പരിഹസിച്ച് സുരേന്ദ്രന്‍ പറഞ്ഞു.

11 മണിക്കാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. റാന്നി കോടതിയില്‍ ഹജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്. ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് റാന്നി കോടതി 14 ദിവസത്തേക്ക് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. മുന്നുദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാറന്റ് നിലവിലുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.