Latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു

കണ്ണൂര്‍: പാനൂരിൽ കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. അയൽവാസികളും ഉറ്റ സുഹൃത്തുക്കളുമായ പാനൂര്‍ കുന്നോത്ത് പറമ്പ് സ്വദേശിയായ സയന(20)യെയും പൊയിലൂര്‍ സ്വദേശിയായ ദൃശ്യ(20)യെയും ഈ മാസം 19 തിങ്കളാഴ്ച മുതലാണ് കാണാതായത്.[www.malabarflash.com] 

പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.
കാണാതായിട്ട് അഞ്ച് ദിവസമായിട്ടും ഇവരെക്കുറിച്ച്‌ യാതൊരു വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയേറുകയാണ്. അന്വേഷണത്തില്‍ പോലീസിനും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. 

പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഉറ്റ സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദമുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

രാവിലെ ക്ലാസിന് പോയ സയന, സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം നില്‍ക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. സ്‌കൂട്ടര്‍ പിന്നീട് കണ്ടെത്തി. ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. 

സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷം സയനയുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. കണ്ണൂരിലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഈ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയത്. ദൃശ്യയെയും ഫോണുമായാണ് കാണാതായത്.

അതിനിടെ ഇരുവരും പ്രദേശത്തെ ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ബസ്, ട്രെയിന്‍ വിവരങ്ങളാരാഞ്ഞിരുന്നതായും വിവരമുണ്ട്. ഇവര്‍ എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.