Latest News

യൂത്ത് ലീഗ് യുവജനയാത്രക്ക് ശനിയാഴ്ച തുടക്കം

കാസര്‍കോട്: വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനും ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കുമെതിരെ ജനമുന്നേറ്റം തീര്‍ക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ഇന്ന് കാസര്‍കോടിന്റെ വടക്കില്‍ നിന്നും തുടക്കമാകും. മുസ്ലിം ലീഗ് സമരചരിത്രത്തിലെ രണ്ടാം അധ്യായമായ യുവജനയാത്രക്കാണ് മഞ്ചേശ്വരം ഉദ്യാവരത്ത് തുടക്കമാകുന്നത്.[www.malabarflash.com]

തുടക്കം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പെ തുടങ്ങിയിരുന്നു. അവസാനവട്ട ഒരുക്കങ്ങള്‍ തകൃതിയാവുമ്പോഴും ലീഗിനെ നെഞ്ചേറ്റിയ അണികളില്‍ ആവേശം നിറകൊള്ളുകയാണ്. 

വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വൈസ് ക്യാപ്റ്റനും ട്രഷറര്‍ എം.എ സമദ് ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം കോര്‍ഡിനേറ്ററുമായുള്ള യുവജനയാത്ര 14 ജില്ലകളിലും പര്യടനം നടത്തി ഡിസംബര്‍ 24നാണ് തിരുവനന്തപുരത്ത് സമാപിക്കുക. 

ഒരുമാസം നീണ്ടുനില്‍ക്കുന്ന യുവജനയാത്ര കാസര്‍കോട് നിന്ന് തുടങ്ങി 600 കിലോ മീറ്ററിലധികം സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് സമാപിക്കുക.
രാജ്യത്ത് പടരുന്ന അസഹിഷ്ണുതക്കും വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും പ്രചാരണമായിരിക്കും ഈ രണ്ടാം യാത്ര. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയതയും ബന്ധുനിയമനം അടക്കമുള്ള ഇടതുസര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വജനപക്ഷപാതവും അഴിമതിയും ജാഥയിലൂടെ ജനസമക്ഷം തുറന്നുകാട്ടും.
മഞ്ചേശ്വരം ഉദ്യാവരത്ത് മൂന്നരമണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് യാത്രാ നായകന് ഹരിതപതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടന സമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍, അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഡോ. എം.കെ മുനീര്‍, കെ.എം ഷാജി എം.എല്‍.എ, സി.കെ സുബൈര്‍ തുടങ്ങിയ നേതാക്കളും കര്‍ണ്ണാടക മന്ത്രിമാരും യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും സംബന്ധിക്കും. മുഖ്യാതിഥിയായി കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര സംബന്ധിക്കും.
26ന് കാഞ്ഞങ്ങാടാണ് യാത്രയുടെ ജില്ലയിലെ സമാപനം. മൂന്നുമണിക്ക് കാഞ്ഞങ്ങാട്ട് ജില്ലാതല വൈറ്റ്ഗാര്‍ഡ് പരേഡോടു കൂടിയാണ് ജില്ല പര്യടനത്തിന് സമാപ്തിയാവുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.