Latest News

കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷാഹാളിൽനിന്ന് പുറത്താക്കിയ വിദ്യാർഥിനി തീവണ്ടിക്കുമുന്നിൽ ചാടിമരിച്ചു

കൊല്ലം: കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷാഹാളിൽനിന്ന് പുറത്താക്കിയ വിദ്യാർഥിനി കോളേജിൽനിന്ന്‌ ഇറങ്ങിയോടി തീവണ്ടിക്കുമുന്നിൽ ചാടിമരിച്ചു. ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാംവർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിനി ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തിൽ രാധാകൃഷ്ണന്റെ മകൾ രാഖികൃഷ്ണ(19)യാണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.45-നാണ്‌ സംഭവം. അധ്യാപകരുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വിദ്യാർഥികൾ അധ്യാപകരെ ഉപരോധിക്കുകയും കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.

ബി.എ. ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയായിരുന്നു ബുധനാഴ്ച. പരീക്ഷ തുടങ്ങിയശേഷം, രാഖികൃഷ്ണയുടെ ചുരിദാറിൽ എന്തോ എഴുതിയിരിക്കുന്നത് ക്ലാസിൽനിന്ന അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. അവർ രാഖിയെ എഴുന്നേൽപ്പിച്ചുനിർത്തി ഏറെനേരം ശാസിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു.

അധ്യാപിക കോളേജ് പരീക്ഷാ സ്ക്വാഡിനെ വിളിച്ചുവരുത്തി ചുരിദാറിൽ എഴുതിയഭാഗം ഫോട്ടോയെടുക്കുകയും രാഖിയെ സ്ക്വാഡിനൊപ്പം സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പറയുന്നത്. സ്റ്റാഫ് റൂമിലെത്തിച്ചശേഷം കോളേജിൽനിന്ന് രാഖിയുടെ വീട്ടിലേക്കുവിളിച്ച് രക്ഷിതാക്കൾ ഉടൻ എത്തണമെന്ന് ആവശ്യപ്പെട്ടു. കുറച്ചുനേരം സ്റ്റാഫ് റൂമിലിരുന്ന രാഖി അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അധികൃതർ കോളേജിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുവന്ന കേരള എക്സ്പ്രസിന് മുന്നിലാണ് വിദ്യാർഥിനി ചാടിയത്. കോളേജിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയുള്ള എ.ആർ.ക്യാമ്പിന് മുന്നിലെ ട്രാക്കിലായിരുന്നു അപകടം. രാഖിയുടെ ചുരിദാറിൽ എഴുതിയിരുന്നത് ബുധനാഴ്ചത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന്‌ സഹപാഠികൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണക്കമ്മിഷനെ നിയോഗിക്കുമെന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെല്ലി അറിയിച്ചു. സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഖിയുടെ മരണത്തിൽ യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.