Latest News

മസാജിനായി ഫ്‌ളാറ്റിലെത്തിയ യുവാവിനെ യുവതികള്‍ ഉള്‍പ്പെട്ട സംഘം മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു

ദുബൈ: മസാജിനായി ഫ്ലാറ്റിലെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികൾ ഉൾപ്പെട്ട സംഘം ദുബൈ കോടതിയില്‍ വിചാരണ നേരിടുന്നു.[www.malabarflash.com] 

28നും 33 നും ഇടയില്‍ പ്രായമുള്ള നാലു നൈജീരിയന്‍ യുവതികളെയാണ് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് 4500 ദിർഹം തട്ടിയെടുത്ത കേസിൽ ദുബൈ പോലീസ് പിടികൂടിയത്. ഉസ്ബക്കിസ്ഥാൻ സ്വദേശിയായ യുവാവ് കാർഡുകൾ വഴിയുള്ള പരസ്യം കണ്ടാണ് മസാജിനായി എത്തിയത് എന്നാണ് കോടതി രേഖകൾ പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്ത് കൊടുക്കുമെന്ന പരസ്യം നല്‍കിയാണ് നൈജീരിയന്‍ യുവതികള്‍ യുവാക്കളെ വഞ്ചിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച കോടതിയിൽ നടന്ന വാദത്തിനിടെ യുവതികൾ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികൾ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ പറഞ്ഞു. കേസിൽ ഈമാസം 20ന് വീണ്ടും വാദം നടക്കും.

കാർഡുകൾ വഴി ലഭിച്ച പരസ്യത്തിൽ കണ്ട മേല്‍വിലാസത്തിലെ ഫ്ലാറ്റിലെത്തിയ 24 വയസ്സുള്ള യുവാവിനെ യുവതികള്‍ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഫ്ലാറ്റിനകത്ത് കയറിയ ഉടൻ തന്നെ അഞ്ചു നൈജീരിയൻ യുവതികൾ ആക്രമിച്ചു. തുടർന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നഫോട്ടോകള്‍ എടുക്കുകയും ചെയ്തു. 

യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 4500 ദിര്‍ഹം ഇവര്‍ കൈക്കലാക്കി. പോലീസിൽ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉടൻ തന്നെ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്തു.

ചതിയില്‍ അകപ്പെട്ട യുവാവ് അല്‍ റാഫാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകള്‍ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയോടുന്നതായി പാകിസ്ഥാനി സെക്യൂരിറ്റി പോലീസിന് മൊഴി നല്‍കി. ഒരു നൈജീരിയൻ പുരുഷനും ഉണ്ടായിരുന്നു. അൽപസമയത്തിനുള്ളിൽ പോലീസ് സംഘം എത്തുന്നതാണ് കണ്ടത്. മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. 

തുടര്‍ന്ന് ഫ്ലാറ്റിലെ സിസി ടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതികൾ നേരത്തെയും സമാനമായ കൃത്യം നടത്തിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഉസ്ബക്കിസ്ഥാൻ യുവാവ് തിരിച്ചറിഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.