Latest News

ശബരിമല മനീതി സംഭവം; രാമദാസ് കതിരൂരിന്റെ വീട് മുഖം മൂടിസംഘം അടിച്ചു തകര്‍ത്തു

തലശ്ശേരി: പി.ഡി.പി., കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ രാംദാസ് കതിരൂരിന്റെ തലശ്ശേരി പുന്നോല്‍ ഈയ്യത്തും കാട്ടിലെ അതുല്യ വീട് ഒരു സംഘം ആയുധധാരികളായ മുഖം മൂടിസംഘം ആക്രമിച്ച് അടിച്ചു തകര്‍ത്തു.[www.malabarflash.com]

തിങ്കളാഴ്ച  രാവിലെ പത്തരയോടെയാണ് സംഭവം. അക്രമ സമയം രാംദാസ് സ്ഥലത്തില്ലായിരുന്നു. പട്ടാപകല്‍ ആയുധങ്ങളുമായെത്തിയവര്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി മേശ, കസേര, ടി.വി., ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അലമാര, ഡൈനിംഗ് ടേബിള്‍, ജനല്‍ ചില്ലകള്‍ തുടങ്ങി കണ്ണില്‍പെട്ടതെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. 

ആയുധങ്ങളുമായി അക്രമികള്‍ ഇരച്ചെത്തുന്നത് കണ്ടതോടെ വീട്ടിലുണ്ടായ രാമദാസിന്റെ ഭാര്യ സുനിത കിടപ്പുമുറിയിലേക്ക് ഓടിക്കയറി വാതിലടച്ചു കുറ്റിയിട്ടതിനാല്‍ അക്രമത്തിനിരയായില്ല. കൃത്യം നടത്തി ആയുധധാരികള്‍ തിരിച്ചു പോയതിന് ശേഷം പുറത്തിറങ്ങിയ സുനീതി ഭര്‍ത്താവിനെ വിളിച്ചു സംഭവം പറയുകയായിരുന്നു. 

ഇവരുടെ മകന്‍ ബുദ്ധദേവ് എ.ഐ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനാണ്. ബുദ്ധദേവും സംഭവ സമയം വീട്ടിലുണ്ടായില്ല. 

ശബരിമല സംഘര്‍ഷ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കുഴപ്പങ്ങള്‍ ഉണ്ടായതെന്ന് സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ശബരിമല സന്ദര്‍ശനത്തിനെത്തിയ മനീതി സംഘടനാ പ്രവര്‍ത്തകരെ അനുകൂലിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെയും പിന്തുണച്ചതിന്റെയും പ്രതികാരമാണ് അക്രമമെന്ന് രാംദാസ് കതിരൂരും പ്രതികരിച്ചു. 

ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമികളുടേതെന്ന് കരുതുന്ന ഒരു കൊടുവാള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.