Latest News

പാഴ്വസ്തുക്കളിൽ എ.ടി.വി ബൈക്ക് നിർമിച്ച് വിദ്യാർഥി ശ്രദ്ദേയനാകുന്നു

കാഞ്ഞങ്ങാട്: പാഴ്വസ്തുക്കളിൽ എ.ടി.വി ബൈക്ക് നിർമിച്ച് വിദ്യാർഥി ശ്രദ്ദേയനാകുന്നു. ബിരിക്കുളത്തെ കാർപെന്ററി തൊഴിലാളി കെ.ദാമോദരന്റേയും, ഇ.എൻ അശ്വതിയുടേയും മകൻ കെ. ഡി ആദർശാണ് ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്സ് വസ്തുക്കൾ ഉപയോഗിച്ച് എ.ടി.വി ക്വാഡ് ബൈക്ക് നിർമിച്ചത്.[www.malabarflash.com] 

ഹീറോ ഹോണ്ട ബൈക്കിന്റെ എൻജിൻ, ഓട്ടോറിക്ഷയുടേയും, സ്കൂട്ടിയുടേയും രണ്ടു വീതം ടയറുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിർമാണം. സ്വന്തമായി വരച്ചുണ്ടാക്കിയ മാതൃക അനുസരിച്ചാണ് നിർമാണം നടത്തിയത്. 

അഞ്ചു മാസത്തെ പരിശ്രമത്തിനൊടുവിലാണ് വിജയം കണ്ടത്. കരയിലെ ഏത് പ്രതലത്തിലും ഓടിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഭിന്നശേഷിക്കാർക്കും സുഗമമായി ഇതോടിക്കാമെന്ന് ആദർശ് പറയുന്നു. കൂടുതൽ പ്രോത്സാഹനങ്ങളും സഹായങ്ങളും ലഭിച്ചാൽ വ്യാവസായികാടിസ്ഥാനത്തിൽ തന്നെ ഇത്തരം വാഹനങ്ങൾ നിർമിക്കാനും ഈ മിടുക്കൻ തയ്യാറാണ്. 

അതേ സമയം പല ഇന്ധനങ്ങളിലും ഓടിക്കാൻ പറ്റുന്ന വാഹനം നിർമിക്കുക എന്നതാണ് തൃക്കരിപ്പൂർ ഇ.കെ.എൻ.എം ഗവ.പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാർഥി കൂടിയായ ആദർശിന്റെ അടുത്ത ലക്ഷ്യം.

പഠന വിഷയം ഇലക്ട്രോണിക്സാണെങ്കിലും ഓട്ടോമൊബൈലിലുള്ള കമ്പമാണ് ആദർശിനെ ഇത്തരമൊരു ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ചെറുപ്പം മുതലേ മരത്തിലും ലോഹങ്ങളിലുമായി വിവിധ ഉപകരണങ്ങൾ നിർമിക്കുക എന്നത് ആദർശിന്റെ ശീലമായിരുന്നു. 

എയർഗൺ, കാർബേഡ് ഗൺ, ബ്ലൂടൂത്ത് കൺട്രോൾഡ് ഓഡിയോ പ്ലെയർ തുടങ്ങിയവും ആദർശ് നിർമിച്ചിട്ടുണ്ട്. ബിരിക്കുളം എ.യു.പി സ്കൂളിൽ പഠിക്കുമ്പോൾ യു.പി വിഭാഗം പ്രവർത്തിപരിചയ മേളയിൽ ജില്ലാതല വിജയി കൂടിയായിരുന്നു ആദർശ് . അച്ഛനും അമ്മയും അനുജൻ അനുരാഗും മുഴുവൻ സമയവും പ്രോത്സാഹനവുമായി ആദർശിനോടൊപ്പമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.