Latest News

വിദ്യാർഥിയെ കാറിന്റെ ഡിക്കിയിലിട്ട് തട്ടിക്കൊണ്ടുപോയി; ബന്ധുവും സംഘവും പിടിയിൽ

പത്തനംതിട്ട ∙ പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽനിന്നു പിടിച്ചിറക്കി കാറിന്റെ ഡിക്കിയിൽ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയ ബന്ധുവും നാലംഗ ക്വട്ടേഷൻ സംഘവും പിടിയിൽ.[www.malabarflash.com] 

മഞ്ഞനിക്കരയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാത്രി 9.45ന് ആണ് വിദ്യാർഥിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച പുലർച്ചെ ഒരുമണിക്ക് പെരുമ്പാവൂരിലാണ് അക്രമിസംഘത്തെ പിടികൂടി, വിദ്യാർഥിയെ പോലീസ് മോചിപ്പിച്ചത്. 

വിദ്യാർഥിയുടെ മാതൃസഹോദരീപുത്രൻ അവിനാശ് (24), കർണാടക ചിക്കമഗളൂരുവിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിലെ പ്രേമദാസ് (31), ഹനീഫ (33), ചന്ദശേഖർ (22), അലക്സ് ജോൺ (35) എന്നിവരാണ് അറസ്റ്റിലായത്. അവിനാശിന്റെ പിതാവും സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും കടന്നുകളഞ്ഞു.

മാതാപിതാക്കൾ ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവിൽ പോയിരുന്നതിനാൽ വിദ്യാർഥിയും വല്യമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.

അവിനാശ് ഏറെക്കാലം മഞ്ഞനിക്കരയിലെ വീട്ടിൽ താമസിച്ചാണ് പഠിച്ചത്. കഴിഞ്ഞയാഴ്ച മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയിൽ എത്തി വിദ്യാർഥിയുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാനാകില്ലെന്ന് പറഞ്ഞതിനെത്തുടർന്നു വാക്കുതർക്കം ഉണ്ടായി. ഇതിന്റെ പക പോക്കലാണ് തട്ടിക്കൊണ്ടു പോകലെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

രാത്രി വൈകി മഞ്ഞനിക്കരയിലെ വീട്ടിലെത്തിയ അവിനാശ്, വിദ്യാർഥിയോട് മാതാപിതാക്കളെയും സഹോദരനെയും അന്വേഷിച്ചു. ഇവർ സ്ഥലത്തില്ലെന്നറിഞ്ഞ് ക്ഷുഭിതനായി വിദ്യാർഥിയെ മർദിക്കുകയും ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ചോദ്യം ചെയ്യാനെത്തിയ വല്യമ്മയുടെ മാലയും പൊട്ടിച്ചു. ഗൃഹോപകരങ്ങൾക്കും കേടുവരുത്തി.

2 വാഹനങ്ങളിൽ കടന്ന സംഘത്തെ പെരുമ്പാവൂരിൽ രാത്രി ഒരുമണിക്ക് അറസ്റ്റ് ചെയ്തു. ഡിക്കിയിൽ കെട്ടിയിട്ട നിലയിൽ അർധബോധാവസ്ഥയിലായിരുന്നു കുട്ടിയെന്നും പോലീസ് പറഞ്ഞു. മൂക്കിന് പൊട്ടലും ശരീരമാകെ മർദനമേറ്റ പാടുകളുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.