Latest News

യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖല അടച്ചു പൂട്ടി മലയാളികൾ മുങ്ങി; വിതരണക്കാരും ജീവനക്കാരും പ്രതിസന്ധിയിൽ

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖല അടച്ചു പൂട്ടി മലയാളികളായ ഉടമകൾ മുങ്ങിയത് മൂലം വൻ നഷ്ടം സംഭവിച്ചതായും തങ്ങളുടെ ജീവിതം പ്രതിസന്ധിയിലായതായും മൊത്തവിതരണക്കാരുടെ പ്രതിനിധികൾ.[www.malabarflash.com]

വിതരണ കമ്പനികളിലെ മലയാളികളടക്കം 300 ലേറെ ഇന്ത്യൻ സെയിൽസ്മാന്മാരാണ് പരാതിയുമായി രംഗത്തുള്ളത്. ഹൈപ്പർമാർക്കറ്റ് ശൃംഖലയിലെ 2000 ത്തിലേറെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും ഇവർ പറഞ്ഞു.

മാസങ്ങൾക്ക് മുൻപാണ് യുഎഇയിലെ ഷാർജയിലും അജ്മാനിലും നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന ഹൈപ്പർമാർക്കറ്റുകളുടെ ഉടമകൾ യുഎഇയിൽ നിന്ന് അപ്രത്യക്ഷരായത്. 23 ചില്ലറ വിൽപന കേന്ദ്രങ്ങളാണ് ശൃംഖലയ്ക്കുള്ളത്. നാട്ടിലും ഇവർക്ക് വലിയ ആസ്തികളുണ്ട്. 

ഏതാനും മാസങ്ങളായി മൊത്തവിതരണക്കാർക്കു ബിൽ തുക നൽകുന്നില്ല. പലരും നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇത്തരത്തിൽ വൻ സംഖ്യയാണ് പലർക്കും കിട്ടാനുള്ളത്. കുറച്ചു ദിവസങ്ങളായി മാനേജ്‌മെന്റിനെക്കുറിച്ചു യാതൊരു വിവരവുമില്ല. മിക്ക ശാഖകളും പൂട്ടിയ നിലയിലാണ് .പൂട്ടുന്നതിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വിറ്റഴിച്ചിരുന്നു. എന്നാൽ മൊത്ത വിതരണക്കാർക്ക് നൽകാനുള്ള തുക നൽകിയതുമില്ല.

ഏതാണ്ട് മൂന്നു കോടി ദിർഹമിന്റെ ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നതെന്നും മൊത്ത വിതരണക്കാരുടെ പ്രതിനിധികൾ പറഞ്ഞു. പലരുടെയും ജോലി പോലും നഷ്ടപ്പെടാനുള്ള സാഹചര്യമാണിപ്പോൾ. സെയിൽസ്മാന്മാരാണ് തങ്ങളുടെ നഷ്ടത്തിന് ഉത്തരവാദികൾ എന്ന പേരിൽ കമ്പനികൾ ശമ്പളം പിടിച്ചുവയ്ക്കുകയും ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നു. 

മലയാളികളായ പി. കെ. കുട്ടി, ഹാരിസ്, നവീൻ അറബ്, അബ്ദുൽ നാസർ, ഷാനവാസ്, അനിൽകുട്ടി, മനോജ്, ജോൺ തുടങ്ങിയ 35 ലേറെ പേരാണ് ദുബൈയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയത്. 

ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ നിയമ കാര്യ വിഭാഗത്തിനും പരാതി നൽകാൻ തീരുമാനിച്ചതായി ഇവർ പറഞ്ഞു. ഹൈപ്പർമാർക്കറ്റ് ഉടമ നൽകിയ ബാങ്കിൽ നിന്ന് മടങ്ങിയ ചെക്കുകളും ഇവർ പ്രദർശിപ്പിച്ചു.

ഏതാണ്ട് 30 വർഷമായി അജ്‌മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് തകർന്നത്. കുറച്ചു ദിവസമായി മാനേജ്മെന്റ് പ്രതിനിധികൾ പ്രതികരണത്തിന് ലഭ്യമല്ല. മാത്രമല്ല സ്ഥാപനങ്ങൾ പലതും മറ്റു പലർക്കുമായി നടത്താൻ കൊടുക്കുകയോ വിൽക്കുകയോ ചെയ്തിട്ടുമുണ്ട്. പഴം പച്ചക്കറി വിഭവങ്ങളുടെ വിപണന കാര്യത്തിൽ അജ്മാനിലും ഷാർജയിലും ഈ ഗ്രൂപ്പ് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. കേരളത്തിൽ നിന്ന് നേരിട്ട് പച്ചക്കറി ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തിരുന്നു.

ഇപ്പോൾ, ചില ശാഖകൾ ജീവനക്കാർ തന്നെ ഏറ്റെടുത്തു നടത്തുന്നുവെന്നും വിവരമുണ്ട്. ഏറ്റെടുക്കാൻ ചില കമ്പനികൾ മുന്നോട്ട് വരുന്നുമുണ്ട്. ജീവനക്കാരെ അതുപോലെ തന്നെ നിലനിർത്താൻ തയാറായിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച അന്തിമ ധാരണ ഉണ്ടാകുമെന്നും അങ്ങനെ ജീവനക്കാരെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം മൊത്ത വിതരണക്കാർക്ക് ലഭിക്കാനുള്ള തുക സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.