Latest News

വര്‍ക്കല സി.എച്ച് മുഹമ്മദ് കോളേജിന് അല്‍ ഖാഇദ ബന്ധം: ജനം ടിവിയുടേത് വ്യാജ വാര്‍ത്തയാണെന്ന് പോലീസ്

വര്‍ക്കല: വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പോലീസ്. കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.[www,malabarflash.com]

‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടിവി  ‘ബിഗ് ബ്രേക്കിങ്’ പുറത്തു വിട്ടത്.

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്. കോളേജ് ടോയ്‌ലറ്റിലെ ചുവരില്‍ കരികൊണ്ട് വരച്ച ഒസാമ ബിന്‍ലാദന്റെ ചിത്രവും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.

പോലീസിന്റെ വിശദീകരണം
കോളേജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്ക് റേസ് മറ്റും വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു ഇതാണ് വാര്‍ത്തയായി വന്നത്. പിന്നെ ബാത്ത് റൂമിലൊക്കെ ചിത്രങ്ങളൊക്കെ വരച്ചു വെച്ചിരുന്നു. ‘പൈറേറ്റ്‌സ്’ എന്നാണ് എഴുതി വെച്ചിരിക്കുന്നത്. ജനം ടി.വി ഇതിന് തീവ്രവാദം സ്വഭാവം നല്‍കുകയാണുണ്ടായത്. സംഭവത്തില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് പറഞ്ഞത് ജനം ടി.വി വാര്‍ത്ത കൊടുത്ത സാഹചര്യത്തിലാണെന്നും അയിരൂര്‍ പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് കോളജ് ജനറല്‍ സെക്രട്ടറി അഡ്വ. ഷഹീര്‍ ഡൂള്‍ന്യൂസിനോട് വിശദീകരിക്കുന്നതിങ്ങനെ

ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ് ജനം ടിവി നല്‍കികൊണ്ടിരിക്കുന്നത്. 2018 മാര്‍ച്ച് 14ാം തിയ്യതി കോളേജ് വാര്‍ഷിക ദിനത്തിന് എടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സിനിമാ താരം സലീം കുമാറായിരുന്നു ഉദ്ഘാടനം. 

സലീം കുമാര്‍ കറുത്ത വേഷത്തിലാണ് എത്തുന്നതറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ കറുത്ത ചുരിദാറും ആണ്‍കുട്ടികള്‍ തലയില്‍ കെട്ടും കറുത്ത ഷര്‍ട്ടും ലുങ്കിയുമൊക്കെ ധരിച്ചാണ് വന്നത്. ഈ ചിത്രങ്ങളാണ് ജനം ടിവി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.

കോളേജ് ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥികള്‍ പെനിസിന്റെ ചിത്രം വരെ വരച്ചുവെച്ചിട്ടുണ്ട്. ടോയ്‌ലറ്റില്‍ കുട്ടികള്‍ പല തരത്തിലുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. കോളേജ് അധികൃതര്‍ ഇടയ്ക്കിടക്ക് പരിശോധന നടത്താറുണ്ട്. സി.സി.ടി.വിയൊന്നും ടോയ്‌ലറ്റിനകത്ത് സ്ഥാപിക്കാന്‍ പറ്റില്ലല്ലോ.

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ എടുത്ത് മാതൃകാപരമായി മുന്നോട്ടു പോകുന്ന വിദ്യഭ്യാസ സ്ഥാപനമാണ് ഞങ്ങളുടേത്. ഇത്തവണ കേരള സര്‍വകലാശാല പരീക്ഷയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ 89 ശതമാനമാണ് വിജയം. സര്‍വകലാശാല റെക്കോര്‍ഡാണിത്. കഴിഞ്ഞ തവണ എം.എ പരീക്ഷയിലും കോളേജിന് റാങ്കുണ്ടായിരുന്നു. ഇത്തരത്തില്‍ ഞങ്ങളുടെ കോളേജ് നല്ല നിലയില്‍ പോകുന്നത് കണ്ട് ബുദ്ധിമുട്ടുന്ന തത്പര കക്ഷികളാണ് ഇത്തരം പ്രചരണങ്ങളുമായി രംഗത്തെത്തുന്നത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടായിരിക്കാം ജനം ടിവി ഇത്തരമൊരു വാര്‍ത്ത നല്‍കാന്‍ കാരണം.

ഇന്റലിജന്‍സ് ഡി.ജി.പിയും ഇന്റലിജന്‍സ് എസ്.പിയും എന്നെ വിളിച്ചിരുന്നു. ഞങ്ങള്‍ നല്‍കിയ വിശദീകരണം അവര്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. ജനം ടി.വിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.