Latest News

അധികൃതരുടെ അനാസ്ഥ: കഞ്ചികട്ട വി സി ബി നോക്കു കുത്തിയായി, കർഷകർ കണ്ണീരിൽ



കുമ്പള: ചെറുകിട ജലസേചന വകുപ്പിന് കീഴിൽ കുമ്പള പുഴയിലെ കഞ്ചികട്ടയിലുള്ള വി.സി. ബി പ്രവർത്തനക്ഷമമാക്കത്തതിനാൽ കർഷകർ ദുരിതത്തിലായി.[www.malabarflash.com]

നൂറ് കണക്കിന് നെല്ല് ,അടയ്ക്ക കർഷകർ ജലസേചനത്തിനായി ഉപയോഗിക്കുന്നതും ഉപ്പ് വെള്ളം കയറുന്നതിനെ തടയുന്നതുമായ കഞ്ചികട്ട വിസിബി പലക ഇട്ട് വെള്ളം തടഞ്ഞ് നിർത്താത്തതാണ് കർഷകരെ ദുരിതത്തിലാക്കിയത് .

ഉപ്പ് വെള്ളം കയറി ഏക്കർ കണക്കിന് കൃഷി നാശം സംഭവിക്കുമെന്ന ഭീതിയിലാണ് ഇവിടുത്തെ കർഷകർ. തുലാം മഴ കനിയാത്തതിനാൽ ഈ വർഷം നേരത്തെ തന്നെ പലക സ്ഥാപിച്ച് വെള്ളം തടഞ്ഞ് നിർത്തണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതർ അത് കൂട്ടാക്കിയില്ല. 

കഞ്ചികട്ട വി. സി.ബിക്ക് ഒന്നര കിലോമീറ്റർ മുകളിലുള്ള ഇതേ വകുപ്പിന് കീഴിലുള്ള താഴെ കൊടിയമ്മ വി സി ബി യുടെയും അവസ്ഥ ഇത് തന്നെയാണ്.കഴിഞ്ഞ വർഷം ഇവിടെ വെള്ളം മുഴുവൻ ഒഴുകിപ്പോയി തോട് വരണ്ടതിന് ശേഷമാണ് പലക ഇട്ടത്. 

ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി നാശം മാത്രമല്ല നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം തന്നെ ഉപ്പ്‌ വെള്ളം കയറി നാശത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു. 

കഞ്ചി കട്ട, താഴെ കൊടിയമ്മ വി സി ബികൾക്ക് പലക ഇടൽ പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് ഈ പ്രദേശത്തെ കർഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.