Latest News

ജോലി സർക്കാരിൽ, സേവനം ട്യൂഷൻ സെന്ററിൽ; വിജിലൻസ്​ പരിശോധനയിൽ കുടുങ്ങി ഉദ്യോഗസ്​ഥർ

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ഓഫിസ് സമയത്തും അല്ലാതെയും പ്രതിഫലം കൈപറ്റി ട്യൂഷന്‍ ക്ലാസുകള്‍ എടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.[www.malabarflash.com]

വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തെ 150 ലധികം സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ മിന്നല്‍ പരിശോധന നടത്തി. 

തിരുവനന്തപുരം ജില്ലയില്‍ 30 ഓളം സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളിലും കൊല്ലം, എറണാകുളം ജില്ലകളില്‍ 15 ഓളം സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പത്തോളം സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ഇടുക്കി, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്‌ ജില്ലകളിലും അഞ്ചിലധികവും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലുമായിരുന്നു പരിശോധന. 
തിരുവനന്തപുരം ജില്ലയില്‍ ആറ് അധ്യാപകരും ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറും കൊല്ലം ജില്ലയില്‍ ഒരു ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസറും ഒരു സെയില്‍ടാക്‌സ് ഉദ്യോഗസ്ഥനും മൂന്ന് അധ്യാപകരും ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറും പത്തനംതിട്ട ജില്ലയില്‍ ഒരു ലീഗല്‍ മെട്രോളജിയിലെ ഇന്‍സ്‌പെക്ടറും ഒരു അധ്യാപകനും ഒരു സിവില്‍ സപ്ലൈസ് സെയില്‍സ്മാനും ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പിലെ ഒരു ക്ലാര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ക്ലാര്‍ക്കും ഒരു അധ്യാപകനും ഇടുക്കി ജില്ലയില്‍ ഒരു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറും പാലക്കാട് ജില്ലയില്‍ ഒരു അധ്യാപകനും മലപ്പുറം ജില്ലയില്‍ രണ്ട് അധ്യാപകരും വയനാട് ജില്ലയില്‍ ഒരു അധ്യാപകനും, കണ്ണൂര്‍ ജില്ലയില്‍ രണ്ട് അധ്യാപകരും, കാസര്‍കോട്‌ ജില്ലയില്‍ ഒരു അധ്യാപകനും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയ സമയം അനധികൃതമായി സ്വകാര്യ ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കുന്നതായി കണ്ടെത്തി. 

ഇത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ഇതിന് പുറമേ തന്മൂലം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. 

സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനായി വിജിലന്‍സ് പരിശോധന തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ പറഞ്ഞു. സംസ്ഥാനത്തെ ബിരുദവും ബിരുദാനന്തരബിരുദവും ഉള്ള അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ ഉപജീവന മാര്‍ഗമായ ട്യൂട്ടോറിയല്‍, പാരലല്‍ കോളജുകളിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേതനം കൈപറ്റി ജോലിയെടുക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.