Latest News

കണ്ണൂർ വിമാനത്താവളത്തിന് അരികെ ഹോട്ടൽ സ്ഥാപിക്കും: എം.എ.യൂസഫലി

അബുദാബി: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു സമീപം രണ്ടു വർഷത്തിനകം ഹോട്ടൽ സ്ഥാപിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി.[www.malabarflash.com]

ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിങ് ആയ ട്വന്റി14 ഹോൾഡിങ്സാണു ഹയാത്ത് ഹോട്ടൽ സ്ഥാപിക്കുക. ഇതിനായി വിമാനത്താവളത്തിനു സമീപം നാലര ഏക്കർ ഭൂമി വാങ്ങിയതായി മരുമകനും ട്വന്റി14 ഹോൾഡിങ്സ് സിഇഒയുമായ അദീപ് അഹമ്മദ് അറിയിച്ചതായും യൂസഫലി പറഞ്ഞു.

150 മുറികളുള്ള ഹോട്ടലും മിനി കൺവൻഷൻ സെന്ററുമാണു പദ്ധതിയിലുള്ളത്. ഭാവിയിൽ ഫ്ലൈറ്റ് കിച്ചൺ ഉൾപ്പെടെ തുടങ്ങാനും ആലോചിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ 8നു തന്നെ കണ്ണൂരിലെത്താൻ ആലോചിച്ചിരുന്നു. എന്നാൽ താമസസൗകര്യം ലഭ്യമല്ലാത്തതിനാൽ കൊച്ചിയിൽ ഇറങ്ങുകയായിരുന്നുവെന്നും യൂസഫലി പറഞ്ഞു. 

ഞായറാഴ്ച രാവിലെ 9നു കണ്ണൂരിൽ വിമാനമിറങ്ങിയ യൂസഫലി ഉദ്ഘാടനച്ചടങ്ങിനു ശേഷം 3 മണിക്കൂർ 10 മിനിറ്റുകൊണ്ട് അബുദാബിയിൽ തിരിച്ചെത്തുകയും ചെയ്തു.

പ്രകൃതിരമണീയമായ വിമാനത്താവളമാണു കണ്ണൂരിലേതെന്നും കണ്ണൂരുകാരുടെ സ്നേഹവും സന്തോഷവുമാണ് ഉദ്ഘാടനത്തിനെത്തിയ വൻ ജനാവലി പ്രകടിപ്പിച്ചതെന്നും യൂസഫലി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.