Latest News

ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്നും കിട്ടിയ പ്രഹരം ചോദിച്ചു വാങ്ങിയത്‌

കൊച്ചി: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന്  ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ കിട്ടിയ പ്രഹരം ചോദിച്ചു വാങ്ങിയത്.[www.malabarflash.com]

ബൂട്ടിട്ട് ചവിട്ടും പോലെയല്ല നിയുദ്ധ പഠിച്ചവരുടെ മുറയെന്നും യതീഷ് ചന്ദ്രയെപ്പൊലുള്ള ഓഫീസര്‍മാര്‍ ചവിട്ടാന്‍ ബൂട്ട് ഉയര്‍ത്തുന്നതിന് മുമ്പ് മറുപടി കിട്ടിയിരിക്കുമെന്നും ആയിരുന്നു വിവാദ പ്രസംഗത്തിലൂടെ ശോഭ മുന്നറിയിപ്പു നല്‍കിയിരുന്നത്.

ഒരേ സമയം പോലീസിനെ വെല്ലുവിളിക്കുകയും സമാന്തരമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഈ ബി.ജെ.പി വനിതാ നേതാവിന് ഹൈക്കോടതിയില്‍ നിന്നും കിട്ടിയത് കനത്ത പ്രഹരം.

ചുമ്മാ മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിക്കാനൊന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് സമ്മതിച്ചില്ലെന്ന് മാത്രമല്ല കോടതിയെ ദുരുപയോഗം ചെയ്തതിന് ശിക്ഷയായി 25000 രൂപ പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ്.

ശോഭയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പപേക്ഷിച്ചപ്പോഴും കോടതിയുടെ മനസ്സ് അലിഞ്ഞില്ലെന്നത് സംഘ പരിവാര്‍ സംഘടനാ നേതാക്കള്‍ക്കുള്ള ഒരു പാഠം തന്നെയാണ്. പ്രത്യേകിച്ച് ശബരിമല വിഷയം മുന്‍ നിര്‍ത്തി സമരം ശക്തമാക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തില്‍ കോടതി വിധി വളരെ പ്രസക്തം തന്നെയാണ്.

ശബരിമലയില്‍ ഭക്തരെ പോലീസ് പീഢിപ്പിക്കുകയാണെന്നും തനിക്കു നേരെയും പീഢനം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഇപ്പോള്‍ ശബരിമല വിഷയം മുന്‍ നിര്‍ത്തി സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും തെരുവില്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത് വരുന്ന ആര്‍.എസ്.എസ് – ബി.ജെ.പി സംഘടനകള്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം കൂടിയാണ് ശോഭ ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്.

പോലീസ് കൃത്യമായ നിയമപാലനം തന്നെയാണ് ശബരിമലയില്‍ നടത്തിയതെന്നതിനുള്ള ശക്തമായ ഉദാഹരണമായി ഈ ഹൈക്കോടതി വിധിയെ കാണാവുന്നതാണ്.

കോടതി ചേംബറിലെ ചില പരാമര്‍ശങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി നിലയ്ക്കലില്‍ ചുമതല ഉണ്ടായിരുന്ന ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്രക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി ഈ നിലപാടിനെ വിലയിരുത്താവുന്നതാണ്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിച്ചത് അവരില്‍ നിഷിപ്തമായ ഡ്യൂട്ടി മാത്രമാണ്.

കേന്ദ്ര മന്ത്രിയോടായാലും ഹിന്ദു ഐക്യവേദി നേതാവിനോടായാലും ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരോടായാലും യതീഷ് ചന്ദ്ര പെരുമാറിയതും ഡ്യൂട്ടിയുടെ ഭാഗം തന്നെയാണ്. ഇവരോട് ആരോടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശത്രുത ഇപ്പോള്‍ സംഘപരിവാര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഐ.പി.എസ് ഓഫീസര്‍മാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, പ്രതീഷ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെയില്ല.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വരെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പ്രചരണമാണ് സംസ്ഥാനത്തിനകത്തും പുറത്തും നടന്നത്. ഉദ്യോഗസ്ഥരുടെ വീടുകളിലേക്കു വരെ മാര്‍ച്ചുകളും നടത്തുകയുണ്ടായി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തന്‍മാര്‍ പോലീസിന്റെ സേവനങ്ങള്‍ക്ക് പരസ്യമായി നന്ദി പറഞ്ഞ് മടങ്ങുമ്പോഴാണ് പ്രകോപനപരമായ ഈ പ്രചരണമെന്നതും ഓര്‍ക്കണം.

പോലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ച നടപടികള്‍ ശരിയല്ലെങ്കില്‍ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഹൈക്കോടതിക്ക് ഇതിനകം തന്നെ ഉത്തരവിടാമായിരുന്നു. കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചപ്പോള്‍ പോലും നിരോധനാജ്ഞ പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.