Latest News

മരണത്തില്‍ രാഷ്ട്രീയമില്ല; ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് വേണുഗോപാലന്‍ നായരുടെ കുടുംബം

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ രാഷ്ട്രീയമില്ലെന്നും ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും വേണുഗോപാലന്‍ നായരുടെ സഹോദരങ്ങളായ വിശ്വംഭരന്‍ നായരും മണികണ്ഠന്‍ നായരും പറഞ്ഞു.[www.malabarflash.com] 

'വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സഹോദരനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. ശബരിമല സംഭവങ്ങളുമായും ബന്ധമില്ല'- ബലിദാനിയാക്കി മുതലെടുപ്പിന് മരണവീട്ടിലെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെയും മറ്റു നേതാക്കളുടെയും മുന്നില്‍വച്ച് എല്ലാവരും കേള്‍ക്കെ രണ്ടു സഹോദരന്മാരും ഒരേ സ്വരത്തില്‍ പറഞ്ഞു.

പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വേണുഗോപാലന്‍ നായരെ ബിജെപി പ്രവര്‍ത്തകനാക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സജീവ ശ്രമം നടത്തി. എന്നാല്‍ സഹോദരങ്ങള്‍ സത്യത്തില്‍നിന്ന് അണുവിട വിട്ട് എന്തെങ്കിലും പറയാന്‍ തയ്യാറായില്ല. 

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ ബിജെപി ജില്ലാ നേതാക്കള്‍ ഒന്നടങ്കം സ്വാധീനിക്കാനെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടപ്പോള്‍ അവിടെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷും ഉണ്ടായിരുന്നു. സഹോദരങ്ങളെയും ബന്ധുക്കളെയും പാട്ടിലാക്കാനുള്ള നീക്കമെല്ലാം പരാജയപ്പെട്ടതോടെ ബിജെപി നേതാക്കള്‍ സ്ഥലംവിട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരെ സമരപ്പന്തലിന് സമീപത്തുനിന്ന് കന്റോണ്‍മെന്റ് എസ്‌ഐയും രണ്ട് പൊലീസുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. സമരപ്പന്തലില്‍നിന്ന് ഒരു ബിജെപിക്കാരനും ഒപ്പം പോകാന്‍ തയ്യാറായില്ല. സജീവ ബിജെപി പ്രവര്‍ത്തകനും സമരകേന്ദ്രത്തിലെ പ്രവര്‍ത്തകനുമാണെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഒപ്പം ആശുപത്രിയില്‍ പോകില്ലേ എന്ന ചോദ്യത്തിന് ബിജെപിക്കാര്‍ക്ക് ഉത്തരമില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.