Latest News

കാഴ്ചയുള്ളവര്‍ കാണണം അശ്വതിയുടെ നേട്ടം

കാസർകോട്: ബിരുദാനന്തര ബിരുദം പൂർത്തിയാക്കുംമുമ്പേ കോളേജ് അധ്യാപകയോഗ്യത നേടി അന്ധവിദ്യാർഥിനി. കാസർകോട് കേന്ദ്രസർവകലാശാല ഇംഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ വിദ്യാർഥിനി അശ്വതിയാണ് ഈ അപൂർവനേട്ടത്തിനുടമ.[www.malabarflash.com] 

ബന്തടുക്ക മൊട്ടയിലെ നാരായണന്റെയും ലക്ഷ്മിയുടെയും മകളാണ്. ബിരുദാനന്തരബിരുദ പഠനത്തിന്റെ ആദ്യവർഷംതന്നെ അശ്വതി ഇംഗ്ലീഷിൽ ദേശീയ അധ്യാപക യോഗ്യതാപരീക്ഷ (നെറ്റ്) വിജയിച്ചു.

സഹപാഠികളായ 36 പേരിൽ മറ്റു മൂന്നുപേർക്കും അന്ന് ഇംഗ്ലീഷിൽ നെറ്റ് കിട്ടി. രണ്ടാംവർഷം കംപാരിറ്റീവ് ലിറ്ററേച്ചറിൽ നെറ്റും ജൂനിയർ റിസർച്ച് ഫെലോഷിപ്പും (ജെ.ആർ.എഫ്.) നേടിയാണ് അശ്വതി കേന്ദ്രസർവകലാശാലയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ചത്. ക്ലാസിൽ മറ്റാർക്കും കംപാരിറ്റീവ് ലിറ്ററേച്ചറിൽ നെറ്റ് നേടാനായില്ലെന്നിടത്താണ് അശ്വതിയുടെ പ്രതിഭ തിളങ്ങുന്നത്.

കാസർകോട് ഗവ. അന്ധവിദ്യാലയത്തിൽ താമസിച്ച് പഠിച്ചാണ് അശ്വതി പത്താംതരവും പ്ലസ്ടുവും മികച്ച നിലയിൽ ജയിച്ചത്. കാസർകോട് ഗവ. കോളേജിലായിരുന്നു ഇംഗ്ലീഷ് ബിരുദപഠനം. 86 ശതമാനം മാർക്കോടെയാണ് അത് പൂർത്തിയാക്കിയത്. അശ്വതിയുടെ ഇരട്ട സഹോദരി അഞ്ജലിയും കേന്ദ്ര സർവകലാശാലയിൽനിന്നാണ് എൺവയൻമെന്റൽ സയൻസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. കാസർകോട് സിവിൽ സ്റ്റേഷനിൽ എംപ്ലോയ്‌മെന്റ് വകുപ്പിൽ അസി. കൗൺസിലറായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുകയാണ് അഞ്ജലി. ഒന്നുമുതൽ മൂന്നുവരെ രണ്ടുപേരും ഒന്നിച്ചായിരുന്നു പഠിച്ചത്. അന്ധവിദ്യാലയത്തിലേക്ക് മാറിയതോടെ അശ്വതി ഒരുവർഷം പിന്നിലാവുകയായിരുന്നു. പിഎച്ച്.ഡി. ചെയ്യണമെന്നും കോളേജ് അധ്യാപികയാകണമെന്നുമാണ് മോഹമെന്ന് അശ്വതി പറയുന്നു. ഗൾഫിലായിരുന്ന നാരായണൻ ഇപ്പോൾ നാട്ടിൽ കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.